ഫ്‌ളോറിഡ: തെക്കുകിഴക്കന്‍ യുഎസില്‍ ആഞ്ഞടിച്ച ഹെലന്‍ ചുഴലിക്കാറ്റ് ബാധിച്ച പ്രദേശങ്ങള്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്നതായി വൈറ്റ് ഹൗസ് അറിയിച്ചു.
ചുഴലിക്കാറ്റിന്റെ ആഘാതത്തെക്കുറിച്ച് ഞായറാഴ്ച മാധ്യമപ്രവര്‍ത്തകരുമായി സംവദിക്കുമ്പോള്‍ ‘അതിശയിപ്പിക്കുന്നത്’ എന്നാണ് ബൈഡന്‍ വിശേഷിപ്പിച്ചത്. ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങളെ സഹായിക്കാനായി ഭരണകൂടം ആകുന്നതെല്ലാം നല്‍കുന്നുണ്ടെന്നും ബൈഡന്‍ വ്യക്തമാക്കി.
ജോര്‍ജിയ ഗവര്‍ണര്‍ ബ്രയാന്‍ കെംപ്, നോര്‍ത്ത് കരോലിന ഗവര്‍ണര്‍ റോയ് കൂപ്പര്‍, വാല്‍ഡോസ്റ്റ മേയര്‍ സ്‌കോട്ട് മാതേസണ്‍, ടെയ്ലര്‍ കൗണ്ടി എമര്‍ജന്‍സി മാനേജ്മെന്റ് ഡയറക്ടര്‍ ജോണ്‍ ലൂക്ക് എന്നിവരുള്‍പ്പെടെ ദുരിതബാധിത പ്രദേശങ്ങളില്‍ നിന്നുള്ള പ്രാദേശിക, സംസ്ഥാന ഉദ്യോഗസ്ഥരുമായി ബൈഡന്‍ സംസാരിച്ചു. പിന്തുണ നല്‍കുന്നത് തുടരുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
കൊടുങ്കാറ്റിനെ തുടര്‍ന്ന് ആറോളം സംസ്ഥാനങ്ങളിലായി ഇതുവരെ നൂറിലേറെ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.