നെടുമ്പാശ്ശേരി: ഒരുവര്‍ഷം മുന്‍പ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തുടങ്ങിയ 0484 എയ്റോ ലോഞ്ച് സൂപ്പര്‍ഹിറ്റായി. 25,000 അതിഥികളാണ് ഇതുവരെ ലോഞ്ച് സേവനം ഉപയോഗപ്പെടുത്തിയത്. 12,000 റൂം ബുക്കിങ്ങുകളും നടന്നു. യാത്രക്കാരും സന്ദര്‍ശകരും ഒരു പോലെ ലോഞ്ച് സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്. ആറ്, 12, 24 എന്നിങ്ങനെ മണിക്കൂര്‍ നിരക്കില്‍ ബുക്കിങ് സംവിധാനമുള്ളതിനാല്‍ താമസസൗകര്യം ഉപയോഗപ്പെടുത്തുന്നവരെ കൂടാതെ യാത്രയ്ക്ക് മുന്‍പും ശേഷവും വിശ്രമിക്കാനും ആളുകള്‍ ലോഞ്ച് ഉപയോഗിക്കുന്നു.
50,000 ചതുരശ്രയടി വിസ്തീര്‍ണമുള്ള ലോഞ്ചില്‍ 37 മുറികളും നാല് സ്യൂട്ടുകളുമുണ്ട്. കൂടാതെ മൂന്ന് ബോര്‍ഡ് റൂമുകള്‍, രണ്ട് കോണ്‍ഫറന്‍സ് ഹാളുകള്‍, കോ-വര്‍ക്കിങ് സ്‌പെയ്‌സുകള്‍, ജിം, സ്പാ, ലൈബ്രറി എന്നിവയുമുണ്ട്.
കോണ്‍ഫറന്‍സ് ഹാള്‍, ബോര്‍ഡ് റൂം തുടങ്ങിയ പ്രീമിയം സൗകര്യങ്ങള്‍ മീറ്റിങ്ങുകള്‍ക്കായും മറ്റും കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ ഉപയോഗപ്പെടുത്തുന്നുണ്ട്. മീറ്റിങ്ങില്‍ പങ്കെടുക്കേണ്ടവര്‍ക്ക് നഗരത്തിലേയ്ക്കുള്ള യാത്ര ഒഴിവാക്കാനാകുമെന്നതാണ് പ്രധാന ആകര്‍ഷണം. പ്രീ-വെഡിങ് ഷൂട്ടുകള്‍, പത്രസമ്മേളനങ്ങള്‍, ബിസിനസ് സമ്മേളനങ്ങള്‍ എന്നിവയ്ക്കായും ലോഞ്ച് സേവനം പ്രയോജനപ്പെടുത്തുന്നു. ലോഞ്ചിനകത്ത് കഫേയും റീട്ടെയില്‍ ഷോപ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്.
സിയാലിന്റെ വ്യോമേതര വരുമാനം വര്‍ധിപ്പിക്കുന്ന പദ്ധതിയുടെ ഭാഗമായി 2024 സെപ്റ്റംബറിലാണ് ലോഞ്ച് ഉദ്ഘാടനം ചെയ്തത്

