ന്യൂഡൽഹി: ഭരണ– പ്രതിപക്ഷം ബലാബലത്തിനിറങ്ങുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്. തുടര്‍ന്ന് ഫലപ്രഖ്യാപനവും നടക്കും. എന്‍.ഡി.എ. സ്ഥാനാര്‍ഥി സി.പി.രാധാകൃഷ്ണനും പ്രതിപക്ഷ സ്ഥാനാര്‍ഥി ജസ്റ്റിസ് ബി. സുദര്‍ശന്‍ റെഡ്ഡിയുമാണ് മല്‍സരരംഗത്തുള്ളത്. നിലവിലെ കക്ഷി നില അനുസരിച്ച് സി.പി.രാധാകൃഷ്ണന് ജയം ഉറപ്പാണ്. ആദ്യവോട്ട് പ്രധാനമന്ത്രി രേഖപ്പെടുത്തും.
ലോക്സഭയിലെയും രാജ്യസഭയിലെയും എം.പിമാരാണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള ഇലക്ടറല്‍ കോളജില്‍ ഉള്ളത്. ഒഴിവുള്ള ആറ് സീറ്റുകള്‍ മാറ്റി നിര്‍ത്തിയാല്‍ ആകെ 781 വോട്ടുകള്‍. ജയിക്കാന്‍ 391 വോട്ടുകളാണ് ആവശ്യം. നിലവിലെ കക്ഷിനില അനുസരിച്ച് എന്‍.ഡി.എക്ക് 423 പേരുടെ പിന്തുണയുണ്ട്. 11 സീറ്റുള്ള വൈ.എസ്.ആര്‍.പിയും പിന്തുണ പ്രഖ്യാപിച്ചതോടെ 434 വോട്ടുകള്‍ ഉറപ്പാണ്. ഇന്ത്യ സഖ്യത്തിനാവട്ടെ തൃണമൂലും എ.എ.പിയും ചേര്‍ന്നാലും 322 പേരുടെ പിന്തുണയെ ഉള്ളു. സ്വതന്ത്രരും ഇരു മുന്നണിയിലും പെടാത്തതുമായ 36 എം.പിമാര്‍ ആര്‍ക്കു വോട്ടുചെയ്യുമെന്ന് ഇപ്പോഴും വ്യക്തമല്ല. ഏഴു സീറ്റുകളുള്ള ബി.ജെ.ഡിയും നാല് സീറ്റുള്ള ബി.ആര്‍.എസും വിട്ടുനില്‍ക്കുമെന്നു വ്യക്തമാക്കിക്കഴിഞ്ഞു. ഇതെല്ലാം കണക്കുകള്‍.
ക്രോസ് വോട്ടിങ്ങിലാണ് മുന്നണികളുടെ പ്രതീക്ഷയും ആശങ്കയും. രഹസ്യ ബാലറ്റ് ആയതിനാല്‍ വിപ്പു നല്‍കാനോ ആരെങ്കിലും എതിര്‍പക്ഷത്തിന് വോട്ടുചെയ്താല്‍ കണ്ടെത്താനോ കഴിയില്ല. വോട്ട് ചോര്‍ച്ച തടയാന്‍ ഇന്നലെ പ്രതിപക്ഷവും എന്‍.ഡി.എയും എംപിമാരുടെ യോഗം ചേര്‍ന്നിരുന്നു. വോട്ടെടുപ്പ് രീതിയടക്കം വിശദീകരിക്കുകയും ചെയ്തു. ഇന്ന് എം.പിമാരെ വിവിധ സംഘങ്ങളാക്കി തിരിച്ചാണ് എന്‍.ഡി.എ പാര്‍ലമെന്‍റില്‍ എത്തിക്കുക. ഓരോ സംഘത്തിന്‍റെയും ചുമതല ഓരോ കേന്ദ്രമന്ത്രിമാരെ ഏല്‍പിച്ചിട്ടുണ്ട്.

