കലിഫോർണിയ : ഹരിയാനയിലെ ജിന്ദ് ജില്ലയിൽ നിന്നുള്ള 26 വയസ്സുകാരനായ യുവാവ് കലിഫോർണിയയിൽ വെടിയേറ്റ് മരിച്ചു. പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കത്തിലാണ് യുവാവ് കൊല്ലപ്പെട്ടത്. ബറഹ് കലാൻ ഗ്രാമത്തിലെ ചെറുകിട കർഷകനായ ഈശ്വർ സിങ്ങിന്റെ ഏക മകനായ കപിൽ ആണ് കൊല്ലപ്പെട്ടത്.
കപിൽ ജോലി ചെയ്യുന്ന സ്ഥലത്തിന് സമീപം യുഎസ് പൗരനായ ഒരാൾ പൊതുസ്ഥലത്ത് മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തതിനെ തുടർന്നാണ് തർക്കമുണ്ടായത്. ഇത് പിന്നീട് വാക്കേറ്റത്തിലേക്കും തുടർന്ന് വെടിവയ്പ്പിലും കലാശിക്കുകയായിരുന്നു. വെടിയേറ്റ കപിൽ സംഭവസ്ഥലത്ത് തന്നെ മരിച്ചു.
കപിലിന്റെ മരണവാർത്തയുടെ ദുഃഖത്തിലാണ് കുടുംബം. യുഎസിലെ നിയമപരമായ നടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കാൻ ഏകദേശം 15 ദിവസമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. മൃതദേഹം വേഗത്തിൽ നാട്ടിലെത്തിച്ച് അന്ത്യകർമങ്ങൾ നടത്താൻ അധികൃതർ വേഗത്തിൽ നടപടിയെടുക്കണമെന്ന് ഗ്രാമവാസികൾ ആവശ്യപ്പെട്ടു.
മെച്ചപ്പെട്ട ജീവിതം തേടി രണ്ടര വർഷം മുമ്പാണ് കപിൽ ‘ഡോങ്കി റൂട്ട്’ എന്നറിയപ്പെടുന്ന അനധികൃത മാർഗ്ഗത്തിലൂടെ അമേരിക്കയിലേക്ക് പോയത്. ഇതിനായി കുടുംബം ഏകദേശം 45 ലക്ഷം രൂപ ചെലവഴിച്ചതായാണ് റിപ്പോർട്ട്. പിന്നാലെ അറസ്റ്റിലായെങ്കിലും നിയമനടപടികളിലൂടെ മോചിതനായ കപിൽ പിന്നീട് രാജ്യത്ത് സ്ഥിരതാമസമാക്കുകയായിരുന്നു. വിവാഹിതയായ ഒരു സഹോദരിയും പഠിച്ചുകൊണ്ടിരിക്കുന്ന മറ്റൊരു സഹോദരിയും കപിലിനുണ്ട്.
ഈ വർഷം ആദ്യം ജോർജിയയിൽ ഹരിയാനക്കാരനായ വിവേക് സൈനിയുടെ കൊലപാതകവും, 2022ൽ കലിഫോർണിയയിൽ ഒരു സിഖ് കുടുംബത്തെ കൊലപ്പെടുത്തിയ സംഭവവും ചൂണ്ടിക്കാട്ടി യുഎസിലെ ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ഇന്ത്യൻ പ്രവാസി സംഘടനകൾ ആവശ്യപ്പെട്ടു.

