വാഷിംഗ്ടൺ: യുക്രൈൻ യുദ്ധത്തിൽ 10-12 സമാധാന കരാറിൽ എത്തിയില്ലെങ്കിൽ റഷ്യക്കുമേൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുമെന്ന മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. യുദ്ധം നീട്ടിക്കൊണ്ടുപോകുന്ന റഷ്യൻ പ്രസിഡന്‍റ് വ്ളാദിമിർ പുടിന്‍റെ നിലപാടിൽ അമർഷം രേഖപ്പെടുത്തിക്കൊണ്ടാണ് ട്രംപിന്‍റെ അന്ത്യശാസനം. 50 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണമെന്ന് ഈ മാസമാദ്യം ട്രംപ് ആവശ്യപ്പെട്ടിരുന്നു.
‘ഇന്ന് ഞാൻ പുതിയൊരു സമയപരിധി നിശ്ചയിക്കുകയാണ്. ഇന്നുമുതൽ 10-12 ദിവസത്തിനകം യുദ്ധം അവസാനിപ്പിക്കണം. ഒരുപാട് കാത്തിരിക്കുന്നതിൽ കാര്യമില്ല. പ്രത്യേകിച്ച് ഒരു പുരോഗതിയും കാണുന്നില്ല’ ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമറുമായുള്ള കൂടിക്കാഴ്ചക്കിടെ ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ട്രംപിന്‍റെ പുതിയ നീക്കത്തെ പ്രശംസിച്ച യുക്രൈൻ പ്രസിഡന്‍റ് വൊളോദിമിർ സെലൻസ്‌കി, അദ്ദേഹത്തിന്‍റേത് ശരിയായ നിലപാടാണെന്നും ദൃഢനിശ്ചയം പ്രകടിപ്പിക്കുന്നതാണെന്നും പ്രതികരിച്ചു. ” ജീവൻ രക്ഷിക്കുന്നതിലും ഈ ഭയാനകമായ യുദ്ധം അവസാനിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിച്ചതിന് പ്രസിഡന്‍റ് ട്രംപിന് ഞാൻ നന്ദി പറയുന്നു,” സെലെൻസ്‌കി പറഞ്ഞു.
അതേസമയം റഷ്യ ഇതുവരെ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. എന്നാൽ അന്ത്യശാസനം നൽകുന്ന ‘പതിവ് പരിപാടി’യുമായി ട്രംപ് വരേണ്ടെന്നും അമേരി ക്ക ഉൾപ്പെടുന്ന ഒരു യുദ്ധത്തിലേക്ക് നയിച്ചേക്കാമെന്നും പുടിന്‍റെ അടുത്ത സുഹൃത്തും മുൻ റഷ്യൻ പ്രസിഡന്‍റുമായ ദിമിത്രി മെദ്‌വദേവ് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

