ടെൽ അവീവ്: മൊസാദിന്റെ ടെൽ അവീവിലെ ആസ്ഥാനം ലക്ഷ്യമാക്കി ബാലിസ്റ്റിക് മിസൈൽ തൊടുത്ത് ഹിസ്ബുള്ള. നേതാക്കളെ വധിച്ചതിന് പിന്നിലും പേജർ, വാക്കി-ടോക്കി സ്ഫോടനങ്ങൾക്ക് പിന്നിലും മൊസാദാണെന്നും അതിനാലാണ് ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതെന്നും ഹിസ്ബുള്ള വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം, ഹിസ്ബുള്ള ആക്രമണം തടഞ്ഞതായി ഇസ്രയേൽ സൈന്യം അറിയിച്ചു. മിസൈൽ ലോഞ്ചറുകൾ തകർത്തതായും സൈന്യം വ്യക്തമാക്കി. ടെൽ അവീവിലും മധ്യ ഇസ്രയേലിലും ബുധനാഴ്ച രാവിലെ സൈറണുകൾ മുഴങ്ങിയിരുന്നു. ഇത് ആദ്യമായാണ് ടെൽ അവീവ് ലക്ഷ്യമിട്ട് ഹിസ്ബുള്ള മിസൈൽ ആക്രമണം നടത്തുന്നത്. അക്രമത്തിൽ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അതേസമയം, ഹിസ്ബുള്ളയ്ക്കെതിരായ വ്യോമാക്രമണം ഇസ്രയേൽ തുടരുകയാണ്. ലെബനനിലെ ഇസ്രയേൽ നടപടികൾ വ്യക്തമാക്കുന്ന ഒരു വീഡിയോയും പുറത്തുവന്നിട്ടുണ്ട്.
ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ മരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ഇതുവരെ 569 പേർ ഇസ്രായേൽ ആക്രമണങ്ങളിൽ ലെബനാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്. 50 കുട്ടികളും 94 സ്ത്രീകളുമാണ് ആക്രമണത്തിൽ ഇതുവരെ കൊല്ലപ്പെട്ടത്. അഞ്ച് ലക്ഷത്തോളം പേർ വീടും മറ്റും ഉപേക്ഷിച്ച് പലായനം ചെയ്യാൻ നിർബന്ധിതരായെന്നും ഇസ്രായേൽ വ്യക്തമാക്കി.