ന്യൂയോര്‍ക്ക്: ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയും യു.എസ് വൈസ് പ്രസിഡന്റുമായ കമല ഹാരിസിന്റെ പ്രചാരണ ഓഫീസിനു നേരെ വെടിവയ്പ്പ്. അരിസോണ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണ ഓഫീസിന് നേരെ കഴിഞ്ഞദിവസം അര്‍ദ്ധരാത്രിക്ക് ശേഷം ആരോ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സതേണ്‍ അവന്യൂവിനടുത്തുള്ള ഡെമോക്രാറ്റിക് നാഷണല്‍ കമ്മിറ്റി പ്രചാരണ ഓഫീസില്‍ വെടിയുണ്ടകളില്‍ നിന്നുള്ള കേടുപാടുകള്‍ കണ്ടെത്തിയതായി ടെംപെ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കി. സ്ഥാപനത്തിന്റെ മുന്‍വശത്തെ ജനലുകളില്‍ വെടിയേറ്റിട്ടുണ്ട്. ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് ടെംപെ നഗരത്തിലെ ഓഫീസ് ലക്ഷ്യമിട്ട് വെടിവെപ്പുണ്ടാകുന്നത്. സംഭവസമയത്ത് ഓഫീസ് പരിസരത്ത് ആരും ഉണ്ടായിരുന്നില്ലെന്നും സംഭവത്തില്‍ പരിക്കുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും ടെംപെ പൊലീസ് പറഞ്ഞു.