Friday, July 18, 2025
HomeGulfഖത്തറിലെ ഇറാൻ ആക്രമണം: പ്രവാസികളുടെ മൃതദേഹങ്ങളും പെരുവഴിയിൽ

ഖത്തറിലെ ഇറാൻ ആക്രമണം: പ്രവാസികളുടെ മൃതദേഹങ്ങളും പെരുവഴിയിൽ

റിയാദ്​: ഖത്തറിലെ യു.എസ്​ വ്യോമതാവളം ഇറാൻ ആക്രമിച്ചതിനെ തുടർന്നുണ്ടായ യുദ്ധഭീതിയിൽ വിമാന സർവിസുകൾ റദ്ദായപ്പോൾ മൃതദേഹങ്ങളും വഴിയിലായി. റിയാദിൽനിന്ന്​​ ഡൽഹിയിലേക്ക്​ കൊണ്ടുപോകേണ്ട ബിഹാർ സ്വദേശിയുടെ മൃതദേഹം വിമാനത്താവളത്തിൽനിന്ന് തിരിച്ച്​ മോർച്ചറിയിലെത്തിച്ചു. റിയാദിലെ താമസസ്ഥലത്ത്​ തൂങ്ങിമരിച്ച ബിഹാർ കൃഷ്​ണ ഗഞ്ച്​ സ്വദേശി മുഹമ്മദ്​ മൻജൂർ അബ്​ദുറഹ്​മാ​െൻറ (49) മൃതദേഹത്തിനാണ്​ ഈ ദുര്യോഗം.

ചൊവ്വാഴ്​ച​ വൈകീട്ട്​ 5.25 ന് പുറപ്പെടുന്ന എയർ ഇന്ത്യ വിമാനത്തിൽ കൊണ്ടുപോകാൻ പുലർച്ചെ തന്നെ റിയാദ്​ കിങ്​ ഖാലിദ്​ വിമാനത്താവളത്തിലെ കാർഗോ ഡിവിഷനിൽ എത്തിച്ചതായിരുന്നു. എന്നാൽ പല രാജ്യങ്ങളും വ്യോമ പാത അടച്ച സാഹചര്യത്തിൽ എയർ ഇന്ത്യയുടെയും നിരവധി സർവിസുകൾ റദ്ദാക്കിയിരുന്നു. വിമാന സർവിസുകൾ എപ്പോൾ പുനരാരംഭിക്കുമെന്നും അടുത്ത വിമാനം എന്നുകിട്ടുമെന്നും നിശ്ചയിമില്ലാതായതോടെ മൃതദേഹം റിയാദിലെ ശുമൈസി ആശുപത്രി മോർച്ചറിയിലേക്ക് തന്നെ​ തിരിച്ചെത്തിച്ചു. റിയാദിലെ ദാഖൽ മഅദൂദിൽ ഹൗസ്​ ഡ്രൈവറായി ജോലി ചെയ്​തിരുന്ന മുഹമ്മദ്​ മൻജൂർ ഈ മാസം രണ്ടിനാണ്​ ജീവനൊടുക്കിയത്​.

പൊലീസ്​ മൃതദേഹം ശുമൈസി ആശുപത്രി മോർച്ചറിയിൽ എത്തിച്ചു. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറികളിൽ രണ്ടാഴ്​ചയിൽ കൂടുതൽ സൂക്ഷിക്കാൻ പാടില്ലെന്നാണ്​ പുതിയ നിയമം. 10 ദിവസം കഴിഞ്ഞിട്ടും ആരും എത്താത്തതിനാൽ റിയാദ്​ പൊലീസ്​ സാമൂഹികപ്രവർത്തകൻ ശിഹാബ്​ കൊട്ടുകാടിനെയും ഇന്ത്യൻ എംബസിയെയും ബന്ധപ്പെട്ട്​ അനന്തര നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു. മരിച്ചയാളുടെ കുടുംബം റിയാദിലുള്ള ഒരു ബന്ധുവിനെ നേരത്തെ ചുമതലപ്പെടുത്തിയിരുന്നെങ്കിലും അയാളുടെ ജോലിയും മറ്റുമായ പ്രതികൂല സാഹചര്യങ്ങളാൽ നടപടികൾ മുന്നോട്ട്​ കൊണ്ടുപോകാൻ കഴിഞ്ഞിരുന്നില്ല. ഒടുവിൽ ശിഹാബി​ൻറ ശ്രമഫലമായി മൃതദേഹം നാട്ടിൽ അയക്കുന്നതിനുള്ള നടപടികളെല്ലാം പൂർത്തിയാക്കി.

ചൊവ്വാഴ്​ച വൈകീട്ട്​ റിയാദിൽനിന്ന്​ ഡൽഹിയിലേക്കും ബുധനാഴ്​ച രാവിലെ അവിടെനിന്ന്​ പട്​നയിലേക്കുമുള്ള എയർ ഇന്ത്യ വിമാനങ്ങളിൽ കൊണ്ടുപോകാനുള്ള ടിക്കറ്റുകളും ശരിയായി. ഇന്ത്യൻ എംബസിയാണ്​ ഇതിനാവശ്യമായ ചെലവ്​ വഹിച്ചതും. എന്നാൽ വിമാനം റദ്ദായെന്ന്​ അറിയുന്നത്​ മൃതദേഹം വിമാനത്താവളത്തിൽ എത്തിച്ചപ്പോഴാണ്​. മൃതദേഹം വീണ്ടും ശുമൈസി മോർച്ചറിയിലെത്തിച്ചു. നാട്ടിൽ കുടുംബം പട്​ന വിമാനത്താവളത്തിൽനിന്ന്​ മൃതദേഹം സ്വീകരിക്കാൻ ആംബുലൻസുമായി എത്താനുള്ള തയ്യാറെടുപ്പുകളെല്ലാം പൂർത്തിയാക്കി. പട്​നയിലേക്ക്​ 12 മണിക്കൂർ യാത്രാദൂരമുണ്ടത്രെ.മരിച്ചിട്ട്​ ഇപ്പോൾ 22 ദിവസം കഴിഞ്ഞു.

ഇറാനും ഇസ്രായേലും വെടിനിർത്തലിൽ എത്തിയ സാഹചര്യത്തിൽ വളരെ പെട്ടന്നുതന്നെ വിമാന സർവിസുകൾ സാധാരണ നിലയിലാവുമെന്നും വൈകാതെ കൊണ്ടുപോകാനാവു​െമന്നുമുള്ള പ്രതീക്ഷയിലാണ്​ സാമൂഹികപ്രവർത്തകർ. മരിച്ച മുഹമ്മദ്​ മൻജൂറിന്​ ഭാര്യയും നാല്​ മക്കളും ഉമ്മയുമുണ്ട്​. പിതാവ്​ നേരത്തെ മരിച്ചുപോയി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments