ദോഹ: ഖത്തറിലെ ഇറാൻ അംബാസഡറെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലയം. അൽ ഉദൈദ് അമേരിക്കൻ വ്യോമതാവളത്തിനുനേരെ ഇറാൻ റെവല്യൂഷനറി ഗാർഡ് നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ഇറാൻ അംബാസഡർ അലി സലേഹബാദിയെ വിദേശകാര്യ മന്ത്രാലയം വിളിച്ചുവരുത്തിയത്.ആക്രമണത്തിൽ ശക്തമായി അപലപിച്ച വിദേശകാര്യ സഹമന്ത്രി സുൽത്താൻ ബിൻ സഅദ് അൽ മുറൈഖി ഇത് രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എൻ ചാർട്ടറിന്റെയും ലംഘനമാണെന്നും വ്യക്തമാക്കി. ഇതിനെതിരെ അന്താരാഷ്ട്ര നിയമങ്ങൾ പാലിച്ചുകൊണ്ട് ഖത്തർ പ്രതികരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടി ഇറാനുമായുള്ള സൗഹൃദത്തെയും ഇരുരാഷ്ട്രങ്ങൾ തമ്മിലുള്ള ബന്ധത്തെയും നയതന്ത്രത ചർച്ചകളെയും ബാധിക്കും. ഖേഖലയിൽ വിവിധ മധ്യസ്ഥ ശ്രമങ്ങൾക്ക് ആതിഥ്യം വഹിക്കുന്ന ഖത്തറിനുമേൽ നടത്തിയ ആക്രമണം ഗുരുതരമാണെന്നും അദ്ദേഹംവ്യക്തമാക്കി. ചർച്ചകളിലൂടെയും നയതന്ത്രവഴികളിലൂടെയും പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സംഘർഷം വർധിപ്പിക്കാതിരിക്കാൻ, സൈനിക നടപടി അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.