ന്യൂയോർക്ക്: കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്കയുടെ (കെ.എച്ച്.എൻ.എ) ഫാമിലി കൺവൻഷനും, രജത ജൂബിലി വിരാട് 25 ആഘോഷവും ആഗസ്റ് 17,18,19 തീയതികളിൽ (ഞായർ, തിങ്കൾ, ചൊവ്വാ) ന്യൂജേഴ്സിയിലെ അറ്റ്ലാൻറ്റിക് സിറ്റിയിലെ എം. ജി.എം. റിസോർട്ടിൽ വർണ്ണാഭമായി നടക്കുമെന്ന് പ്രസിഡന്റ് ഡോ.നിഷ പിള്ളയും മറ്റു ഭാരവാഹികളും അറിയിച്ചു. ഇൻഡ്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ന്യൂ യോർക്ക് ചാപ്റ്റയുമായി സൂമിലൂടെ നടത്തിയ വാർത്ത സമ്മേളനത്തിലാണ് കൺവൻഷന്റെ വിശദാശംങ്ങൾ അറിയിച്ചത്.
കെഎച്ച്എൻ.എ ജനറൽ സെക്രട്ടറി മധു ചെറിയേടത്തു, ട്രഷറർ രഘുവരൻ നായർ, വൈസ് പ്രസിഡൻറെ സുരേഷ് നായർ, ട്രസ്റ്റി ബോർഡ് ചെയർമാൻ ഗോപിനാഥ കുറുപ്പ്, കൺവൻഷൻ ചെയർമാൻ സുനിൽ പൈങ്കോൽ എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
മൂന്നു ദിവസങ്ങളിയായി നടക്കുന്ന കൺവൻഷൻ വൻ വിജയമാക്കുന്നതിനു അതിവിപുലമായ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. രജിസ്ട്രേഷൻ ആരംഭിച്ചുകഴിഞ്ഞു. നല്ല പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നു ഭാരവാഹികൾ പറഞ്ഞു. ഏതാണ് 400-450 കുടുംബങ്ങളിൽ നിന്നുമായി 1400 മുതൽ 1500 ആളുകൾ ഈ കൺവൻഷനിൽ പങ്കെടുക്കുമെന്നാണ് കരുതുന്നത്. അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നിന്നുള്ള ഹിന്ദുസമൂഹം എത്തിച്ചേരും.
നാട്ടിലെ തൃശൂർ പൂരം പോലെ അമേരിക്കയിലെ ഹൈന്ദവ സമൂഹം ഏറ്റെടുക്കുന്ന ആഘോഷമാണ് കെഎച്ച്എൻഎ കൺവൻഷൻ. ഈ വര്ഷം ഇന്ത്യയിൽ നിന്നും അമേരിക്കയിൽ നിന്നുമായി വളരെ വിശിഷ്ട വ്യക്തികൾ പങ്കെടുക്കും. സ്വാമി ചിദാനന്ദപുരി, സ്വാമി സർവപ്രിയാനന്ദ, മുൻ കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, രാജീവ് ചന്ദ്രശേഖരൻ, സാഹിത്യകാരനായ ജെ. നന്ദകുമാർ, ടിവി ചർച്ചകളിലൂടെ ശ്രദ്ധേയരായ ശ്രീജിത്ത് പണിക്കർ, അഡ്വ. ജയശങ്കർ, പരസ്യ സംവിധായകൻ ശരത് എ. ഹരിദാസൻ, അഭിനേതാക്കളായ ധ്യാൻ ശ്രീനിവാസൻ, ഗോവിന്ദ് പത്മസൂര്യ, ശിവദ, അഭിലാഷ് പിള്ള (സംവിധായകൻ-മാളികപ്പുറം) രഞ്ജൻ രാജ് (സംഗീത സംവിധായകൻ), കേരള കലാമണ്ഡലത്തിലെ കലാകാരന്മാർ എന്നിവർ ഇന്ത്യയിൽ നിന്ന് എത്തും. കൂടാതെ ശ്രീകാന്ത് പ്രധാൻ (കോൺസൽ ജനറൽ,ന്യൂയോർക്ക്), ജഡ്ജ് രാജരാജേശ്വരി (ന്യു യോർക്ക് സുപ്രീം കോടതി), ന്യു ജേഴ്‌സി സെനറ്റർ വിൻ ഗോപാൽ എന്നിവരും കൺവൻഷന്റെ ഭാഗമാകും.