മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനും മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്കുമെതിരെ ഡിജിപിക്ക് പരാതി. യൂത്ത് കോൺഗ്രസ് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ബിനു ചുള്ളിയിലാണ് പരാതി നൽകിയത്. മന്ത്രിക്കെതിരായ ഗുരുതരമായ കുറ്റകൃത്യങ്ങളെക്കുറിച്ച് അറിവുണ്ടായിട്ടും അത് മറച്ചുവെച്ചുവെന്നും കുറ്റവാളികളെ സഹായിക്കുന്ന നിലപാടാണ് ഇവർ സ്വീകരിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു.
സംസ്ഥാനത്തെ ആഭ്യന്തര വകുപ്പിനെ ‘അഡ്ജസ്റ്റ്മെന്റ് വകുപ്പ്’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ബിനു ചുള്ളിയിൽ പരിഹസിച്ചു. മന്ത്രിയുടെ ഭാര്യ ബിന്ദു മേനോൻ തന്നെ പരാതിയുമായി രംഗത്തെത്തിയിട്ടും പോലീസ് നടപടി സ്വീകരിക്കാത്തത് ഇതിന്റെ തെളിവാണ്. വീണയും ബിജെപി നേതാവ് കൂടിയായ ശ്രീലേഖയും വിഷയങ്ങൾ അറിഞ്ഞിട്ടും പ്രതികരിച്ചില്ലെന്നും ഇവർ കുറ്റകൃത്യത്തിന് കൂട്ടുനിന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബിന്ദു മേനോനെ സമ്മർദ്ദത്തിലാക്കി ഒത്തുതീർപ്പിന് ശ്രമിച്ചത് മുഖ്യമന്ത്രിയാണെന്നും ഇതിലൂടെ അദ്ദേഹം കുറ്റക്കാരനാണെന്നും പരാതിയിൽ പറയുന്നു.
സംസ്ഥാനത്ത് പോലീസ് നടപ്പിലാക്കുന്നത് രണ്ട് നീതിയാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആരോപണം വന്നപ്പോൾ കോൺഗ്രസ് മാതൃകാപരമായ നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ഗണേഷ് കുമാറിന്റെ കാര്യത്തിൽ സർക്കാർ മൗനം പാലിക്കുന്നത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണെന്നും ബിനു ചുള്ളിയിൽ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തിൽ ഉന്നതതല അന്വേഷണം വേണമെന്നാണ് പ്രതിപക്ഷ സംഘടനകളുടെ ആവശ്യം.

