കർണാടകയിലെ കോൺഗ്രസ് സർക്കാരിന്റെ മന്ത്രിസഭാ വികസനത്തെ ചൊല്ലി പാർട്ടിയിലുണ്ടായ അതൃപ്തി പരസ്യപ്രതിഷേധത്തിലേക്ക് വഴിവെക്കുന്നു. മന്ത്രിസ്ഥാനം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് ഇൻഡി മണ്ഡലത്തിലെ എംഎൽഎ യശ്വന്ത്‍രായ ഗൗഡ പാട്ടീലും ഭദ്രാവതി എംഎൽഎ സംഗമേഷും രാജി പ്രഖ്യാപിച്ചു. ഇവർക്ക് പിന്നാലെ മുതിർന്ന കോൺഗ്രസ് നേതാവ് ടി ബി ജയചന്ദ്രയും രാജിക്ക് ഒരുങ്ങുന്നതായാണ് വിവരം. പ്രിയപ്പെട്ട നേതാക്കൾക്ക് മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ പ്രതിഷേധിച്ച് എംഎൽഎമാരുടെ അനുയായികൾ വിവിധയിടങ്ങളിൽ തെരുവിലിറങ്ങി. മണ്ഡ്യ, കൊപ്പള എന്നിവിടങ്ങളിൽ പ്രതിഷേധ പ്രകടനങ്ങൾ നടക്കുകയും മുഖ്യമന്ത്രി ഡി കെ ശിവകുമാറിനെതിരെ രോഷാകുലരായ അണികൾ പ്രതിഷേധിക്കുകയും ചെയ്തു.
ഇന്ന് 20 പേരാണ് പുതിയ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. മലയാളിയായ എൻ എ ഹാരിസും മുൻ ആരോഗ്യമന്ത്രി ദിനേഷ് ഗുണ്ടുറാവുവും ഇത്തവണ മന്ത്രിപ്പട്ടികയിൽ നിന്ന് പുറത്തായിട്ടുണ്ട്. അതേസമയം വിവാദങ്ങളിൽ നിറഞ്ഞുനിന്ന സമീർ അഹമ്മദ് ഖാൻ സ്ഥാനത്ത് തുടരുമെന്നാണ് വിവരം. ജി എസ് പാട്ടീൽ സ്പീക്കറായും പൊന്നണ്ണ ഡെപ്യൂട്ടി സ്പീക്കറായും ചുമതലയേൽക്കും. സലീം അഹമ്മദിനെ കർണാടക ലെജിസ്ലേറ്റീവ് കൗൺസിൽ സ്പീക്കറായും ഉമാശ്രീയെ ഡെപ്യൂട്ടി സ്പീക്കറായും തീരുമാനിച്ചിട്ടുണ്ട്. ഒൻപത് പുതുമുഖങ്ങൾക്ക് അവസരം നൽകിയ പട്ടികയിൽ ഒരു വനിത മാത്രമാണ് ഉൾപ്പെട്ടിട്ടുള്ളത്.
സത്യപ്രതിജ്ഞാ ചടങ്ങുകൾക്ക് തൊട്ടുമുമ്പ് അന്തിമ പട്ടികയെച്ചൊല്ലിയുള്ള ആശയക്കുഴപ്പവും തർക്കങ്ങളും കടുക്കുന്നത് പാർട്ടിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വനിതാ പ്രാതിനിധ്യം കുറഞ്ഞതിലും മുതിർന്ന നേതാക്കളെ ഒഴിവാക്കിയതിലും പാർട്ടിക്കുള്ളിൽ വലിയ എതിർപ്പാണ് ഉയരുന്നത്. രാജിവെച്ച നേതാക്കളെയും പ്രതിഷേധിക്കുന്ന അണികളെയും തണുപ്പിച്ച് പ്രശ്നം പരിഹരിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അടിയന്തരമായി ഇടപെട്ട് അനുനയ ശ്രമങ്ങൾ തുടരുകയാണ്.

