Tuesday, August 4, 2026
HomeAmericaസ്പോകെയ്ൻ മേഖലയെ വിഴുങ്ങി കാട്ടുതീ: കനത്ത നാശനഷ്ടം; ജാഗ്രത നിർദ്ദേശം

സ്പോകെയ്ൻ മേഖലയെ വിഴുങ്ങി കാട്ടുതീ: കനത്ത നാശനഷ്ടം; ജാഗ്രത നിർദ്ദേശം

വാഷിങ്ടൺ : അമേരിക്കയിലെ വാഷിങ്ടൺ സംസ്ഥാനത്തെ സ്പോകെയ്ൻ മേഖലയെ വിഴുങ്ങിയ കാട്ടുതീയിൽ ഇതുവരെ 700-ലേറെ കെട്ടിടങ്ങൾ കത്തിനശിച്ചതായി അധികൃതർ അറിയിച്ചു. വീടുകളും വ്യാപാര സ്ഥാപനങ്ങളും ഉൾപ്പെടെയുള്ള കെട്ടിടങ്ങളാണ് തീയിൽ നശിച്ചത്. എന്നാൽ ആകെ നാശനഷ്ടത്തിന്റെ കണക്ക് ഇതുവരെ ലഭ്യമായിട്ടില്ല.

കഴിഞ്ഞ 48 മണിക്കൂറിനിടെ സ്പോകെയ്ൻ മേഖലയിലെ മൂന്ന് വലിയ കാട്ടുതീകളാണ് വ്യാപക നാശം വിതച്ചതെന്ന് അഗ്നിശമന സേനാ ഇൻസിഡന്റ് കമാൻഡർ ടോം ക്ലെമോ പറഞ്ഞു. 700-ലേറെ കെട്ടിടങ്ങൾ നശിച്ചെങ്കിലും യഥാർഥ നാശനഷ്ടം ഇതിലും കൂടുതലാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.ഏകദേശം 1,100 സ്ഥലങ്ങളിലെ നാശനഷ്ടം വിലയിരുത്താനുള്ള ശ്രമം തുടരുകയാണ്. ഉപഗ്രഹ ചിത്രങ്ങളുടെ സഹായത്തോടെയാകും ദുരന്തത്തിന്റെ പൂർണ വ്യാപ്തി കണ്ടെത്തുക. അടുത്ത ദിവസങ്ങൾ അതീവ വെല്ലുവിളി നിറഞ്ഞതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്പോകെയ്ൻ, സ്റ്റീവൻസ്, ചെലാൻ, ഒകനോഗൻ, യാകിമ, ഫെറി എന്നീ ആറു കൗണ്ടികളെ ഫെഡറൽ ദുരന്തബാധിത പ്രദേശങ്ങളായി പ്രഖ്യാപിക്കണമെന്ന് വാഷിങ്ടൺ ഗവർണർ ബോബ് ഫെർഗൂസൺ കേന്ദ്ര സർക്കാരിനോട് അഭ്യർഥിച്ചു. സ്പോകെയ്ൻ, കോൾവിൽ, യാകിമ എന്നീ ഗോത്രവിഭാഗങ്ങളെയും ദുരന്ത പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തണമെന്നാണ് ആവശ്യം.

“സ്പോകെയ്ൻ ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായേക്കാം ഇത്. ശരിക്കും ഒരു പേടിസ്വപ്നം പോലെയുള്ള സാഹചര്യമാണ്,” ഗവർണർ പറഞ്ഞു. ഇതുവരെ മരണങ്ങളോ പരിക്കുകളോ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ 14 പേരെ ഇപ്പോഴും കാണാതായതായി സ്പോകെയ്ൻ കൗണ്ടി ഷെറിഫ് ഓഫീസ് അറിയിച്ചു.ശക്തമായ കാറ്റും അതീവ വരണ്ട കാലാവസ്ഥയും കാരണം വാരാന്ത്യത്തിൽ ആരംഭിച്ച കാട്ടുതീ അതിവേഗം വ്യാപിക്കുകയായിരുന്നു.

സ്പോകെയ്ൻ കൗണ്ടിയിലെ ഓട്ടം ലെയിൻ, സമീപ കൗണ്ടികളിലെ ഓൾഡ് ട്രെയിൽസ്, ഫെയർവ്യൂ എന്നീ തീപിടിത്തങ്ങൾ ചേർന്ന് ഇതുവരെ 8,000 ഏക്കറിലേറെ ഭൂമി കത്തിനശിപ്പിച്ചു. ഈ മൂന്ന് തീപിടിത്തങ്ങളെയും ചേർത്ത് ‘സ്പോകെയ്ൻ കോംപ്ലക്സ് ഫയർ’ എന്നാണ് അധികൃതർ വിശേഷിപ്പിക്കുന്നത്.

കാട്ടുതീയെ തുടർന്ന് 60,000-ത്തിലധികം പേരെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. കനത്ത പുകമൂലം സ്പോകെയ്ൻ മേഖലയിലെ വായു ഗുണനിലവാരവും അതീവ അപകടകരമായ നിലയിലാണെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments