ജമ്മുകശ്മീർ: പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ വർദ്ധിപ്പിച്ച ശ്രീനഗറിൽ നിന്നുള്ള യാത്രക്ക് നിരക്ക് ഒഴിവാക്കാൻ വിമാനം കമ്പനികൾക്ക് കർശന നിർദേശം. വ്യോമയാന മന്ത്രാലയമാണ് നിർദേശം നൽകിയത്. ഡൽഹിയിലേക്ക് 3 അധിക വിമാന സർവീസുകൾ കൂടി ഏർപ്പെടുത്തി. വിമാനത്താവളത്തിൽ യാത്രക്കാർക്ക് വേണ്ടിയുള്ള സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇക്കാര്യങ്ങൾ നേരിട്ട് നിരീക്ഷിക്കുന്നതായി കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹൻ നായിഡു പറഞ്ഞു.
ഭീകരാക്രമണത്തിന് പിന്നാലെ എയർ ഇന്ത്യയുടെ ശ്രീനഗർ- ഡൽഹി ടിക്കറ്റിന് 36,000 രൂപയായി. ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റുകള്‍ കിട്ടാതായി. എല്ലാ സർവീസുകളുടെയും ടിക്കറ്റുകൾ വിറ്റുപോയി. ശ്രീനഗറിൽ നിന്നുള്ള വിമാനസർവീസുകൾ വർധിപ്പിക്കുവാൻ കമ്പനികൾക്ക് ഡിജിസിഎ നിർദേശം നൽകിയിരുന്നു.
ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ രാഷ്ട്രപതി ദൗപതി മുർമുവിന്റെ അസം സന്ദർശനം മാറ്റിവെച്ചു. ഈയാഴ്ച അവസാനം നടക്കാനിരുന്ന സന്ദർശനമാണ് മാറ്റിവെച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുപി കാണ്‍പൂര്‍ സന്ദര്‍ശനം റദ്ദാക്കി. നാളെയാണ് 20,000 കോടി രൂപയുടെ വികസന പദ്ധതികള്‍ ഉദ്ഘാടനം ചെയ്യാന്‍ പ്രധാനമന്ത്രി കാണ്‍പൂരിലെത്തേണ്ടിയിരുന്നത്.
പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജമ്മു കാശ്മീരിലെ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സൈനിക മേധാവികൾ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. കൂടുതൽ തീരുമാനങ്ങൾ ക്യാബിനറ്റ് യോഗത്തിൽ ഉണ്ടാകും.
പോരാട്ടത്തിന് തയാറായിരിക്കാനും ഭീകരവിരുദ്ധ നടപടികള്‍ കര്‍ശനമാക്കാനും സായുധസേനകള്‍ക്ക് പ്രതിരോധമന്ത്രി നിര്‍ദേശം നല്‍കി. പ്രതിരോധമന്ത്രി വിളിച്ച യോഗത്തില്‍ മിലിറ്ററി ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറലും പങ്കെടുത്തു.