തിരുവനന്തപുരം: കേരളത്തെ കാർന്നു തിന്നുന്ന ലഹരി മാഫിയകൾക്കെതിരെ ജനമനസുകളും സർക്കാർ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിക്കുന്ന മെന്നാവശ്യപ്പെട്ട് കൊണ്ട് “രാസ ലഹരി മാഫിയക്കെതിരെ വിദ്യാർഥി മുന്നേറ്റം എന്ന മുദ്രാവാക്യം ഉയർത്തി കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് അലോഷ്യസ് സേവ്യർ നയിക്കുന്ന “ക്യാമ്പസ് ജാഗരൻ യാത്ര” തിരുവനന്തപുരം യൂനിവേഴ്സിറ്റി കോളജിന് മുന്നിൽ സമാപിച്ചു.
സമാപന യോഗം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു.കേരളത്തിലെ ക്യാമ്പസുകളെ ലഹരി മാഫിയയിൽ നിന്ന് മോചിപ്പിക്കുക എന്നതാണ് ലക്ഷ്യമെന്നും, അവരെ കൊലക്ക് കൊടുക്കാൻ അനുവദിക്കില്ലന്നും അദ്ദേഹം സതീശൻ പറഞ്ഞു. കേരളം മുഴുവൻ വ്യാപിച്ചുകിടക്കുന്ന ലഹരി മാഫിയകളുടെ ഉറവിടം കണ്ടെത്തി തകർക്കുകയാണ് വേണ്ടത്. കേരളത്തിലെ ക്യാമ്പസുകളെ രക്ഷിക്കാനുള്ള നേതൃത്വം കെ.എസ്.യു ഏറ്റെടുക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
അതേ സമയം ക്യാമ്പസുകളിൽ ലഹരി മാഫിയ പിടിമുറുക്കുന്ന പശ്ചാത്തലത്തിൽ വിദ്യാർത്ഥി സംഘടനകളുടെ യോഗം വിളിക്കണമെന്ന് ജാഥാ ക്യാപ്റ്റനും കെ.എസ്.യു സംസ്ഥാന പ്രസിഡൻറുമായ അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.ജില്ലാ പ്രസിഡൻറ് ഗോപു നെയ്യാർ അദ്ധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ എ.പി. അനിൽകുമാർ, പി.സി. വിഷ്ണുനാഥ്, റോജി.എം.ജോൺ, മാത്യൂ കുഴൽനാടൻ, രാഹുൽ മാങ്കൂട്ടത്തിൽ, ചാണ്ടി ഉമ്മൻ, സജീവ് ജോസഫ്, മുൻ മന്ത്രി വി.എസ്. ശിവകുമാർ, ഡി.സി.സി പ്രസിഡൻറ് പാലോട് രവി, മുൻ എം.എൽ.എ കെ.എസ്. ശബരീനാഥൻ, കെ.പി.സി.സി ഭാരവാഹികളായ ശരത് ചന്ദ്ര പ്രസാദ്, ജി.എസ്. ബാബു യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് അബിൻ വർക്കി കോടിയാട്ട്, എൻ.എസ്.യു.ഐ ദേശീയ ജന: സെക്രട്ടറി അനുലേഖ ബൂസ, കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറുമാരായ എം.ജെ യദുകൃഷ്ണൻ, പി.മുഹമ്മദ് ഷമ്മാസ്, അരുൺ രാജേന്ദ്രൻ, ആൻ സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു