ന്യൂഡൽഹി: ഗസ്സയിൽ 130 കുഞ്ഞുങ്ങളടക്കം നിരപരാധികളായ 400 പേരുടെ കൂട്ടക്കൊല നടത്തിയതിലൂടെ മനുഷ്യത്വം എന്നത് തങ്ങൾക്ക് ഒന്നുമേയല്ലെന്നാണ് ഇസ്രായേൽ കാണിച്ചുതന്നതെന്ന് കോൺഗ്രസ് നേതാവും വയനാട് എം.പിയുമായ പ്രിയങ്ക ഗാന്ധി കുറ്റപ്പെടുത്തി. എത്ര കണ്ട് കൂടുതൽ ക്രൂരമായി പെരുമാറുന്നോ അത്ര കണ്ട് ഭീരുക്കളാണ് തങ്ങളെന്ന് സ്വയം വെളിപ്പെടുത്തുകയാണ് ഇസ്രായേൽ ചെയ്യുന്നതെന്ന് പ്രിയങ്ക
സത്യത്തെ അഭിമുഖീകരിക്കാൻ കഴിയാത്ത അവരുടെ ദൗർബല്യത്തെയും കഴിവില്ലായ്മയെയുമാണിത് കാണിക്കുന്നത്. പാശ്ചാത്യ ഭരണാധികാരികൾ ഫലസ്തീൻ ജനതയുടെ ഈ വംശഹത്യയെ അംഗീകരിച്ച് അതിനോട് യോജിച്ചാലും നിരവധി ഇസ്രായേലികൾ അടക്കമുള്ള ലോക ജനതയുടെ മനസാക്ഷി ഫലസ്തീനികൾക്കൊപ്പമാണ്. മറുഭാഗത്ത് സങ്കൽപിക്കാനാകാത്ത ദുരിതമേറ്റുവാങ്ങിയിട്ടും അവർ അചഞ്ചലരായി നിലകൊള്ളുകയാണെന്നും ഫലസ്തീൻ ജനതയുടെ ധീരത നിലനിൽക്കുമെന്നും പ്രിയങ്ക പറഞ്ഞു
ആഴ്ചകൾ നീണ്ട താൽക്കാലിക വെടിനിർത്തൽ അവസാനിപ്പിച്ച് മുന്നറിയിപ്പില്ലാതെ ഗസ്സയെ വീണ്ടും ചോരയിൽ മുക്കിയിരിക്കുകയാണ് ഇസ്രായേൽ. പിന്നാലെ കരയുദ്ധം തുടങ്ങുമെന്നും സൂചനകളുണ്ട്. കരസേന ആക്രമണം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ബയ്ത് ഹാനൂൻ അടക്കം കിഴക്കൻ ഗസ്സയിൽനിന്ന് ആളുകളോട് ഒഴിഞുപോകാൻ ഇസ്രായേൽ സേന മുന്നറിയിപ്പും നൽകിയതെന്നാണ് സൂചന.ചൊവ്വാഴ്ച പുലർച്ച ഗസ്സയിൽ നൂറിലേറെ യുദ്ധവിമാനങ്ങൾ പങ്കെടുത്ത സമാനതകളില്ലാത്ത കൂട്ടക്കുരുതിയിൽ കുരുന്നുകളും സ്ത്രീകളുമടക്കം 413 പേരുടെ മരണം സ്ഥിരീകരിച്ചു. 660 ലേറെ പേർക്ക് പരിക്കേറ്റു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതിനാൽ മരണസംഖ്യ കുത്തനെ ഉയരുമെന്നാണ് റിപ്പോർട്ട്.