‘കട്ട ചങ്കിനെ ചേര്‍ത്തു നിര്‍ത്തുന്ന കൂട്ടുകാരന്‍’ എന്നു പറയേണ്ടിവരും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെയും ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കിന്റെയും സൗഹൃദം കാണുമ്പോള്‍. യുഎസില്‍ നിന്നുള്‍പ്പെടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നും വലിയ തിരച്ചടി നേരിടുന്ന ടെസ്‌ല കമ്പനിയെ സഹായിക്കാന്‍ സാക്ഷാന്‍ ട്രംപ് തന്നെ നേരിട്ടിറങ്ങി.മസ്‌കിനെ പിന്തുണയ്ക്കുന്നതിനായി പുതിയ ടെസ്ല കാര്‍ വാങ്ങുമെന്ന് പറഞ്ഞത് വെറുതേയായില്ല. അത് ചെയ്തു കാണിച്ചു ട്രംപ്. ടെസ്ല മോഡല്‍ എക്‌സ് അദ്ദേഹം സ്വന്തമാക്കിയിരിക്കുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സേഷ്യല്‍ മീഡിയയില്‍ ശരവേഗത്തില്‍ വൈറലാകുകയാണ്.
ചുവന്ന നിറത്തിലുള്ള മോഡല്‍ എക്സ് ആണ് യുഎസ് പ്രസിഡന്റ് സ്വന്തമാക്കിയത്. രാജ്യത്തെ സഹായിക്കാന്‍ മസ്‌ക് സ്വയം മുന്നോട്ട് വരികയാണെന്നും പക്ഷേ ചില ഇടതു ഭ്രാന്തന്മാര്‍ അദ്ദേഹത്തെ എതിര്‍ക്കുന്നുവെന്നും പറഞ്ഞ ട്രംപ് രാജ്യസ്‌നേഹിയായതിന്റെ പേരില്‍ ഇലോണ്‍ മസ്‌കിനെ ശിക്ഷിക്കാന്‍ കഴിയില്ലെന്നും പറഞ്ഞ് പിന്തുണച്ചിരുന്നു.
ട്രംപിനൊപ്പം ചേര്‍ന്ന നടപ്പിലാക്കുന്ന ചില നയങ്ങളുടെ പേരില്‍ മസ്‌ക് വ്യാപകമായി വിമര്‍ശിക്കപ്പെടുകയാണ്. അടുത്തിടെയായി ടെസ്ല കമ്പനിയുടെ വാഹനങ്ങള്‍, ഷോറൂമുകള്‍, ചാര്‍ജിംഗ് സ്റ്റേഷനുകള്‍ തുടങ്ങിയവയ്‌ക്കെതിരെ പ്രതിഷേധം കനത്തിരുന്നു. കമ്പനിയുടെ ഓഹരികള്‍ ഇടിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് രക്ഷകനായി ട്രംപിന്റെ വരവ്.
ടെസ്ലയില്‍ നിന്നുള്ള ആഡംബര കാറിനായി ട്രംപ് മുടക്കിയത് 90,000 ഡോളറാണ്. ഏകദേശം 785,077 ഇന്ത്യന്‍ രൂപ. കാര്‍ സ്വന്തമാക്കിയെങ്കിലും പക്ഷേ സുരക്ഷാ പ്രോട്ടോക്കോളുകള്‍ കാരണം യുഎസ് പ്രസിഡന്റിന് ഈ കാര്‍ സ്വയം ഓടിക്കാന്‍ കഴിയില്ല.
ഒരിക്കല്‍ പൂര്‍ണ്ണമായി ചാര്‍ജ് ചെയ്താല്‍ 529 കിലോമീറ്റര്‍ വരെ താണ്ടാന്‍ ഈ വാഹനത്തിനാകും. മാത്രമല്ല, പൂജ്യത്തില്‍ നിന്ന് 60 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ കാറിന് വെറും 3.8 സെക്കന്‍ഡ് മാത്രം മതി. കാറിന്റെ ബാറ്ററിക്ക് കമ്പനി 8 വര്‍ഷത്തെ വാറന്റിയും നല്‍കും.