ന്യൂഡൽഹി: എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാൾ രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ അതിഷി മർലേനയെ ഡൽഹി മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. എ.എ.പി എം.എൽ.എമാരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമുണ്ടായത്. യോഗത്തിൽ കെജ്രിവാളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അതിഷിയുടെ പേര് നിർദേശിച്ചത്.
കെജ്രിവാളിന്റെ പിൻഗാമിയായി ഏറ്റവും കൂടുതൽ ഉയർന്നു കേട്ട പേരും അതിഷിയുടെതായിരുന്നു.അതിഷിയിലൂടെ ഡൽഹിക്ക് മൂന്നാമത്തെ വനിത മുഖ്യമന്ത്രിയെയാണ് ലഭിക്കാൻ പോകുന്നത്. നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്.
സുഷമ സ്വരാജും ഷീല ദീക്ഷിതുമാണ് അതിഷിയുടെ മുൻഗാമികൾ.മദ്യനയക്കേസിൽ കെജ്രിവാൾ ജയിലിൽ കഴിഞ്ഞപ്പോൾ അതിഷിയായിരുന്നു പാർട്ടിയെയും സർക്കാറിനെയും നയിച്ചത്. ഇന്ന് വൈകീട്ട് കെജ്‍രിവാൾ ഗവർണർ വി.കെ. സക്സേനക്ക് രാജിക്കത്ത് കൈമാറുന്നതോടെ അവർ മുഖ്യമന്ത്രിസ്ഥാനം ഏറ്റെടുക്കും.
എ.എ.പിയുടെ ജനകീയ മുഖം
കെജ്രിവാളും മനീഷ് സിസോദിയയും കഴിഞ്ഞാൽ എ.എ.പിയിലെ ഏറ്റവും ജനകീയതയും സ്വാധീനവുമുള്ള നേതാവായി അതിഷി മാറിക്കഴിഞ്ഞു. ഡൽഹി സർവകലാശായിൽ അധ്യാപകരായിരുന്ന വിജയ് സിങ്ങിന്റെയും തൃപ്തവാഹിയുടെയും മകളായി 1981ലാണ് അതിഷി ജനിച്ചത്. മിശ്രവിവാഹിതരായ ദമ്പതികൾ തങ്ങളുടെ മകളുടെ ജാതിപ്പേരും കുടുംബപ്പേരും ഒഴിവാക്കി അതിനു പകരം പേരിനോടൊപ്പം മർലേന എന്ന് വിളിച്ചു. കമ്മ്യൂണിസ്റ്റ് ചിന്തകനായ മാർക്സിന്റേയും ലെനിന്റേയും സംയുക്തരൂപമാണ് മർലേന എന്നത്.
2001ൽ ഡൽഹി സെന്റ് സ്റ്റീഫൻ കോളജിൽ നിന്നു ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ അതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. 2003ൽ സ്കോളർഷിപ്പോടെ ഓക്സ്ഫഡിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. പിന്നീട് 2005ലും ഓക്സ്ഫഡിൽ തന്നെ ഗവേഷകയായി.
ഒരു വർഷത്തിന് ശേഷം ആന്ധ്രപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ ഇംഗ്ലീഷും ചരിത്രവും പഠിപ്പിച്ചു. അതിനു ശേഷം മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു അതിഷി കുറച്ചുകാലം. അവിടെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സമയം മാറ്റിവെച്ചു. ഒഴിവുസമയങ്ങളിൽ ജൈവകൃഷിയെന്ന ഹോബിയും മുന്നോട്ട് കൊണ്ടുപോയി. വ്യത്യസ്‍ത എൻ.ജി.ഒകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. പ്രശാന്ത് ഭൂഷണുമായുള്ള കണ്ടുമുട്ടലാണ് ആം ആദ്മി പാർട്ടിയിലേക്ക് അതിഷിയെ ആകർഷിച്ചത്.
എന്നാൽ ആം ആദ്മിയുടെ അഴിമതിവിരുദ്ധരാഷ്ട്രീയം എന്ന ഏകധ്രുവത്തിലുള്ള പ്രചാരണത്തിന് അതിഷി എതിരായിരുന്നു. 2013 ൽ ആം ആദ്മിയുടെ നയപരിപാടികളുടെ രൂപീകരണത്തിൽ പ്രധാന പങ്കാളിയായി അതിഷി പാർട്ടിയിൽ ചേർന്നു. ആപ്പിന്റെ ഏറ്റവും ഉയർന്ന ബോഡിയായ രാഷ്ട്രീയ കാര്യസമിതിയിൽ അവർ അംഗമായി. 2013 മുതൽ പാർട്ടിയുടെ വക്താവായി അതിഷി സജീവമായി. ഇപ്പോൾ മുഖ്യമന്ത്രി പദം വരെ എത്തിയിരിക്കുന്നു ആ രാഷ്ട്രീയ യാത്ര.