അവീവ്: ഇക്കഴിഞ്ഞ ഡിസംബർ 14 ന് ഹമാസി ബന്ദികളാക്കിയിരന്ന സൈനികരായ റോൺ ഷെർമാൻ, നിക് ബെയ്സർ, എലിയ ടോൾഡാനോ എന്നിവരുടെ കൊലപാതകം ആഗോള തലത്തിൽ വലിയ ചർച്ചയായിരുന്നു. സംഭവത്തിൽ ഹമാസിനെതിരെ ലോകമാകെ വലിയ വിമർശനം ഉയർന്നിരുന്നു. എന്നാൽ 9 മാസങ്ങൾക്കിപ്പുറം ഈ സൈനികരുടെ മരണത്തിൽ കുറ്റസമ്മതം നടത്തി ഇസ്രയേൽ രംഗത്തെത്തിയിരിക്കുകയാണ്. ഈ മൂന്നുപേരുടെയും മരണത്തിന് ഉത്തരവാദി തങ്ങളാണെന്ന് സമ്മതിച്ചിരിക്കുകയാണ് ഇസ്രയേല്‍ ഡിഫൻ ഫോഴ്‌സ് (ഐഡിഎഫ്).
ഡിസംബർ പതിനാലിനാണ് സൈനികരായ റോൺ ഷെർമാൻ, നിക് ബെയ്സർ എന്നിവരുടെയും എലിയ ടോൾഡാനോയുടെയും മൃതദേഹം ഗാസയിലെ ജബലിയയിലുള്ള ടണലിൽനിന്ന് ഇസ്രയേലി സൈന്യത്തിന് ലഭിക്കുന്നത്. ഇവരുടെ മരണത്തിന് കാരണം നവംബർ പത്തിന് ഇസ്രയേൽ നടത്തിയ മിസൈൽ ആക്രമണമാണെന്നാണ് സൈന്യത്തിന്റെ തന്നെ അന്വേഷണത്തിൽ കണ്ടെത്തിയത്. ഹമാസിന്റെ വടക്കൻ ഗാസ ബ്രിഗേഡിന്റെ നേതാവ് അഹ്‌മദ് ഗന്ധൂറിനെ വധിക്കാൻ ലക്ഷ്യമാക്കി ജബലിയയിലെ തുരങ്കത്തിന് നേരെ നടത്തിയ സൈനിക നീക്കത്തിലാണ് മൂന്ന് ബന്ദികളും കൊല്ലപ്പെട്ടത്. ഇസ്രയേൽ പ്രതിരോധ സേന നടത്തിയ അന്വേഷണപ്രകാരം, റോൺ, നിക്, എലിയ എന്നിവർ മരിച്ചത് നവംബർ പത്തിൽ നടത്തിയ ആക്രമണത്തിന്റെ ഭാഗമായാണ്. ബന്ദികൾ അവിടെയുണ്ടായിരുന്നതായി അറിവില്ല എന്നാണ് സൈന്യത്തിന്റെ വിശദീകരണം.
ആക്രമണത്തിന്റെ ഭാഗമായാണ് കൊല്ലപ്പെട്ടത് എന്ന് സമ്മതിക്കുന്നുണ്ടെങ്കിലും മരണകാരണം സൈന്യം വ്യക്തമാക്കിയിട്ടില്ല. അതേസമയം, തുരങ്കത്തിൽ കാർബൺഡയോക്‌സൈഡ് നിറച്ചതിലൂടെ ശ്വാസതടസം നേരിട്ടാണ് മൂവരും മരിച്ചതെന്നാണ് കുടുംബം ആരോപിക്കുന്നത്. ബന്ദികളുടെ സാന്നിധ്യമുണ്ടെന്ന് വിവരം ലഭിക്കുന്ന പ്രദേശങ്ങളിൽ ആക്രമണം നടത്താറില്ലെന്നായിരുന്നു ഇസ്രയേലി സൈന്യത്തിന്റെ വാദം. എന്നാൽ, പലതവണ ഇസ്രയേൽ ആക്രമണത്തിൽ ബന്ധികൾക്ക് പരുക്കേറ്റതായി റിപ്പോർട്ടുകളുണ്ടായിരുന്നു. പിന്നാലെയാണ് മൂന്ന് ബന്ദികളുടെ മരണത്തിൽ സൈന്യത്തിന്റെ പങ്ക് അവർതന്നെ സമ്മതിക്കുന്നത്. ഹമാസ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ വിഡിയോയിൽ റോൺ ഷെർമാൻ, നിക് ബെയ്സർ, എലിയ ടോൾഡാനോ എന്നിവർ കൊല്ലപ്പെട്ടത് ഇസ്രയേലി ആക്രമണത്തിലാണ് ചൂണ്ടിക്കാട്ടിയിരുന്നു.