Saturday, March 7, 2026
HomeIndiaപശ്ചിമേഷ്യൻ യുദ്ധം: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ഉടനടി വർധനവുണ്ടാകില്ല

പശ്ചിമേഷ്യൻ യുദ്ധം: ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ഉടനടി വർധനവുണ്ടാകില്ല

ന്യൂഡൽഹി : പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ പാചകവാതക വിലയിൽ വർധനവുണ്ടായെങ്കിലും, ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ ഉടനടി വർധനവുണ്ടാകില്ലെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ധന ശേഖരം സുരക്ഷിതമായ നിലയിലാണെന്നും വിതരണത്തിൽ തടസ്സമില്ലെന്നും അധികൃതർ അറിയിച്ചു.

14.2 കിലോഗ്രാമിന്റെ സബ്‌സിഡി ഇതര എൽ.പി.ജി സിലിണ്ടറിന് 60 രൂപയാണ് ഇന്നലെ സർക്കാർ വർധിപ്പിച്ചത്. ഇതോടെ ഡൽഹിയിൽ ഒരു സിലിണ്ടറിന്റെ വില 913 രൂപയായി ഉയർന്നു. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്ക് ഏകദേശം 115 രൂപ വരെയുള്ള വർധനവുണ്ടായിട്ടുണ്ട്. ഈ പുതിയ നിരക്കുകൾ മാർച്ച് 7 മുതൽ പ്രാബല്യത്തിൽ വന്നു.

പാചകവാതക വില വർധിപ്പിച്ചെങ്കിലും പെട്രോൾ, ഡീസൽ വിലയിൽ നിലവിൽ വർധനവ് വരുത്താൻ പദ്ധതിയില്ലെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. രാജ്യത്തിന്റെ പെട്രോളിയം കരുതലുകൾ സുരക്ഷിതമായ നിലയിലാണ്. പശ്ചിമേഷ്യയിലെ പ്രതിസന്ധിമൂലം ഉണ്ടായേക്കാവുന്ന വിതരണ തടസ്സങ്ങളെ നേരിടാൻ ഇന്ത്യ പ്രാപ്തമായെന്നും സർക്കാർ അറിയിച്ചു. പശ്ചിമേഷ്യൻ പ്രതിസന്ധികൾക്കിടയിലും ഇന്ത്യ ക്രൂഡ് ഓയിൽ ഇറക്കുമതിക്കായി മറ്റ് സ്രോതസ്സുകളെക്കൂടി ആശ്രയിച്ച് വിതരണ ശൃംഖല വൈവിധ്യവത്കരിച്ചിട്ടുണ്ട്.

പശ്ചിമേഷ്യയിലെ സംഘർഷം മൂലം ആഗോള തലത്തിൽ വരെ ഇന്ധന വിതരണത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. ഇത് അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 90 ഡോളറിന് മുകളിൽ എത്താൻ കാരണമായി. ഹുർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത തടസ്സങ്ങളാണ് വിപണിയെ പ്രധാനമായും ബാധിച്ചിരിക്കുന്നത്. ഇന്ത്യയുടെ കരുതലുകൾ സുരക്ഷിതമായതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും, സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചുവരികയാണെന്നും അധികൃതർ വ്യക്തമാക്കി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments