വാഷിംഗ്ടൺ: യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കഴിഞ്ഞദിവസം ദിവസം നടന്ന കൊമ്പ് കോർക്കൽ ലോകം മുഴുവൻ വലിയ ചർച്ചയായി മാറിയിരുന്നു. സെലൻസ്കിയുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് രണ്ടും കൽപ്പിച്ചുള്ള നീക്കമാണ് നടത്തുന്നത്. യുക്രെയിനെ പാഠം പഠിപ്പിക്കാനാണ് തീരുമാനം. ഇതിനൊപ്പം യൂറോപ്യൻ യൂണിയനേയും നിലയ്‌ക്ക് നിർത്താനാണ് പദ്ധതികൾ. ബ്രിട്ടനും യൂറോപ്യൻ യൂണിയനും മറുപക്ഷത്താണെന്ന് ട്രംപ് തിരിച്ചറിവുണ്ട്. വൈറ്റ് ഹൗസിൽ തനിക്കെതിരെ സെലൻസ്‌കി നടത്തിയ പദപ്രയോഗത്തിന് പിന്നിൽ യുറോപ്യൻ പിന്തുണയാണെന്നും വിലയിരുത്തുന്നു.
നാറ്റോയുടെ ഭാവിയെ പോലും അനിശ്ചിതത്വത്തിലാക്കുകയാണ് അമേരിക്കയും യുക്രെയിനും തമ്മിലെ നിലവിലെ പ്രശ്‌നങ്ങൾ. സെലൻസ്‌കിയുമായുള്ള വിവാദത്തിൽ വെട്ടിലായത് യുക്രെയ്‌നും യൂറോപ്യൻ രാജ്യങ്ങളുമാണ്. ഇതിനകം 35,000 കോടി ഡോളർ സഹായം യുഎസ് നൽകിയെന്നു വാഗ്വാദത്തിനിടയിൽ വിളിച്ചുപറഞ്ഞതും യുക്രെയ്ൻ നാറ്റോയിലെ അംഗത്വത്തിനുവേണ്ടി ശ്രമിക്കേണ്ടെന്നു കഴിഞ്ഞദിവസം പറഞ്ഞതും ട്രംപിന്റെ ഉദ്ദേശ്യം വ്യക്തമാക്കി. അതിനിടെ സൈനിക സഹായം യുക്രെയിന് നൽകുന്നത് അവസാനിപ്പിച്ചുള്ള ഉത്തരവ് ട്രംപ് ഉടൻ പുറപ്പെടുവിക്കുമെന്നും സൂചനയുണ്ട്.
ഇതിനൊപ്പം നാറ്റോയ്‌ക്ക് നൽകുന്ന സഹായവും നിർത്തുന്നത് അമേരിക്കയുടെ പദ്ധതിയിലുണ്ട്. യുക്രെയിനെ നാറ്റോ പിന്തുണച്ചാൽ അത് നാറ്റോയുടെ നിലനിൽപ്പിന്റെ തന്നെ പ്രശ്‌നമായി മാറും. ഇത് മനസ്സിലാക്കിയാണ് ട്രംപുമായുള്ള സെലൻസ്‌കിയുടെ മോശം ഇടപെടലിനെ നാറ്റോ വിമർശിച്ചത്. ട്രംപുമായി നല്ല ബന്ധം സെലൻസ്‌കി ഉറപ്പാക്കണമെന്ന് നാറ്റോ ആവശ്യപ്പെട്ടു കഴിഞ്ഞു.