ആരാധകരെ ആവേശത്തിലാക്കാനായി ദുൽഖർ സൽമാൻ വീണ്ടുമെത്തുന്നു. ദുൽഖറിനെ നായകനാക്കി നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്ത്. ‘ഐ ആം ഗെയിം’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരു എന്റർടൈൻമെന്റിലായിരിക്കും ചിത്രം ഒരുങ്ങുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ദുൽഖർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് വഴിയാണ് പോസ്റ്റർ പങ്ക് വെച്ചത്.
ആർ.ഡി.എക്സ് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജേക്സ് ബിജോയ് സംഗീതസംവിധാനം നിർവഹിക്കുമ്പോൾ ജിംഷി ഖാലിദാണ് ഛായാഗ്രണം കൈകാര്യം ചെയ്യുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്തു തുടങ്ങിയവർ ചേർന്നാണ് തിരക്കഥയൊരുക്കുന്നത്. ആദർശ് സുകുമാരൻ, ഷഹബാസ് റഷീദ് എന്നിവരാണ് സംഭാഷണം. ചമൻ ചാക്കോയാണ് എഡിറ്റിങ്.
കിംഗ് ഓഫ് കൊത്തയാണ് ദുൽഖറിന്റെ തീയേറ്ററിലെത്തിയ അവസാന മലയാള ചിത്രം. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രത്തിന് വിജയിക്കാനായില്ല. പിന്നീട് പാൻ ഇന്ത്യ റിലീസ് ചെയ്ത ലക്കി ഭാസ്കർ ആഗോളതലത്തിൽ 110 കോടി രൂപയോളം ഗ്രോസ് കളക്ഷൻ നേടി താരത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി മാറിയിരുന്നു.
പ്രൊഡക്ഷൻ ഡിസൈനർ: അജയൻ ചാലിശ്ശേരി, മേക്കപ്പ്: റോണേക്ക്സ് സേവ്യർ, വസ്ത്രലങ്കാരം: മഷർ ഹംസ, പ്രൊഡക്ഷൻ കൺട്രോളർ: ദീപക് പരമേശ്വരൻ, അസ്സോസിയേറ്റ് ഡയറക്ടർ: രോഹിത് ചന്ദ്രശേഖരൻ, ഗാനരചന: മനു രഞ്ജിത്ത്, വിനായക് ശശികുമാർ. ദുൽഖർ സൽമാനും ജോം വർഗീസുമാണ് ചിത്രം നിർമ്മിക്കുന്നത്.