ഹൈദരാബാദ്: തെലങ്കാനയില്‍ എ.ടി.എം തകര്‍ത്ത് 30 ലക്ഷം കവർന്നു. നാല് മിനുറ്റുകൾക്കുള്ളിലാണ് ഇത്രയും വലിയ കവർച്ച നടന്നത്. രംഗറെഡ്ഡി ജില്ലയിലുള്ള എസ്.ബി.ഐയുടെ എ.ടി.എമ്മില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയാണ് സംഭവം.അഞ്ചുപേരടങ്ങുന്ന സംഘമാണ് കാറില്‍ മോഷണത്തിനെത്തിയത്. സംഭവത്തിന്‍റെ സി.സി.ടി.വി ദൃശ്യം പുറത്തുവന്നു.
പുലര്‍ച്ചെ എ.ടി.എം പരിസരത്ത് എത്തിച്ചേര്‍ന്ന സംഘം എ.ടി.എമ്മിന് പുറത്തുളള സി.സി.ടി.വി ക്യാമറയില്‍ സ്‌പ്രേ ചെയ്തു. എന്നാൽ എ.ടി.എമ്മിനുള്ളിലെ സി.സി.ടി.വി ക്യാമറ അവ്യക്തമാക്കാന്‍ സംഘത്തിന് കഴിഞ്ഞില്ല.
മോഷണശ്രമം ഉണ്ടായാല്‍ മുന്നറിയിപ്പ് നല്‍കുന്ന എമര്‍ജന്‍സി സൈറണ്‍ വയറുകള്‍ അടക്കം സംഘം മുറിച്ചുകളഞ്ഞിരുന്നു. ശേഷം ഇരുമ്പ് ദണ്ഡും ഗ്യാസ് കട്ടറും ഉപയോഗിച്ചാണ് എ.ടി.എം തകര്‍ത്തത്. ഒടുവിൽ രണ്ട് മണിയോടെ സംഘം പണവുമായി സ്ഥലം വിട്ടു.
ഹരിയാണയില്‍ നിന്നുള്ള സംഘമാണോ മോഷണത്തിന് പിന്നിലെന്ന് സംശയിക്കുന്നതായി അസിസ്റ്റന്റ് കമ്മീഷണര്‍ പ്രതികരിച്ചു. ഇതേ സംഘം മൈലാര്‍ദേവ്പള്ളിയിലുള്ള ഒരു എ.ടി.എമ്മില്‍ കവര്‍ച്ച നടത്താന്‍ ശ്രമിച്ചിരുന്നു. എന്നാല്‍, അലാറം സെന്‍സറുകള്‍ മുറിക്കുന്നതിനിടെ ഷോക്കേറ്റതോടെ സംഘം ശ്രമം ഉപേക്ഷിക്കുകയായിരുന്നെന്നും പോലീസ് പറയുന്നു. പണം വീണ്ടെടുക്കാനും മോഷ്ടാക്കളെ പിടികൂടുന്നതിനുമായി വിദഗ്ധ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.