വാഷിംഗ്ട്ടൻ : കുടിയേറ്റക്കാർക്ക് അമേരിക്കൻ പൗരത്വം നൽകാനുള്ള നടപടിക്രമങ്ങളിൽ ഒന്ന് കൂടി കൂട്ടിച്ചേർത്തിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇനിമുതൽ ‘ഗോൾഡ് കാർഡ്’ എന്ന സംവിധാനം കൂടി ഉണ്ടാകുമെന്നും, ഇതിലൂടെ അമേരിക്കൻ പൗരത്വം നേടുന്നത് എളുപ്പമാകുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. പണം നൽകി പൗരത്വം നേടുന്ന ഒരു സംവിധാനമാണ് ‘ഗോൾഡ് കാർഡ്’. നിലവിൽ യുഎസിലുള്ള ‘ഗ്രീൻ കാർഡ്’ സിസ്റ്റം അപര്യാപ്തമെന്നും, ‘പോരാ’ എന്നും അഭിപ്രായപ്പെട്ടതിന് ശേഷമാണ് ട്രംപ് ‘ഗോൾഡ് കാർഡ്’ കൊണ്ടുവന്നത്.
‘പണമുള്ള കുടിയേറ്റക്കാരന് ഉടൻ പൗരത്വം’ ട്രംപിന്റെ ഗോൾഡ് കാർഡ് നയത്തെ ഒറ്റ വാചകത്തിൽ ഇങ്ങനെ പറയാം. അഞ്ച് മില്യൺ ഡോളർ അതായത് ഏകദേശം 43 കോടി രൂപ സർക്കാരിന് നൽകാനുണ്ടെങ്കിൽ ഗ്രീൻ കാർഡിൽ ലഭിക്കുന്ന പ്രിവിലേജുകളെല്ലാം വെച്ചുകൊണ്ടുതന്നെ ഉടൻ പൗരത്വം ലഭിക്കും എന്നതാണ് ഗോൾഡ് കാർഡിന്റെ പ്രത്യേകത.
സമ്പന്നരായ ആളുകളെ യുഎസിലേക്ക് ആകർഷിക്കുക എന്നതാണ് ഗോൾഡ് കാർഡ് കൊണ്ട് ട്രംപ് ഉദ്ദേശിക്കുന്നത്. ഇവർ രാജ്യത്ത് വൻ നിക്ഷേപം നടത്തുകയും ഇതുവഴി രാജ്യത്തിനും ജനങ്ങൾക്കും പുരോഗതിയുണ്ടാകുമെന്നും ട്രംപ് പറയുന്നു. രണ്ടാഴ്ചക്കുള്ളിൽ ഗോൾഡ് കാർഡ് പുറത്തിറക്കുമെന്നാണ് ട്രംപ് പറഞ്ഞിരിക്കുന്നത്.
നിലവിൽ യുഎസ് പൗരത്വം നേടാൻ കുടിയേറ്റക്കാർക്ക് മുൻപിലുളള ഏക വഴി ഗ്രീൻ കാർഡ് ആണ്. 1992ലാണ് ഈ EB-5 പ്രോഗ്രാം യുഎസ് കൊണ്ടുവന്നത്. ഈ പ്രോഗ്രാമിന് കീഴിലാണ് ഗ്രീൻ കാർഡ് വരുന്നത്. വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകർഷിക്കുകയും അതുവഴി കൂടുതൽ തൊഴിൽ ഉണ്ടാക്കുകയുമായിരുന്നു ഗ്രീൻ കാർഡിന്റെ ലക്ഷ്യം. ഇപ്പോൾ കൊണ്ടുവന്നിട്ടുള്ള ഗോൾഡ് കാർഡ്, ഗ്രീൻ കാർഡിനെ എന്തെങ്കിലും രീതിയിൽ ബാധിക്കുമോ എന്നത് ഇപ്പോഴും വ്യക്തമല്ല.