ന്യൂഡൽഹി: ഫ്ലോറിഡയിൽ ഞായറാഴ്ച നടന്ന വധശ്രമത്തിൽ നിന്ന് മുൻ യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് കഷ്ടിച്ചാണ് രക്ഷപ്പെട്ടതെന്ന് എഫ്ബിഐ റിപ്പോർട്ട് ചെയ്യുന്നു. ഫ്ലോറിഡയിലെ ട്രംപ് ഗോൾഫ് ക്ലബ്ബിന് പുറത്ത് വച്ചായിരുന്നു സംഭവമെന്നാണ് എഫ്ബിഐ പറയുന്നത്. ഇതുമായി 58കാരനായ റയാൻ വെസ്ലി റൂത്ത് എന്നയാളെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. നിലവിൽ ട്രംപ് പൂർണമായും സുരക്ഷിതനാണ്. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിർത്തതായാണു റിപ്പോർട്ടുകൾ. എകെ 47 തോക്ക്, രണ്ടു ബാക്ക്പാക്കുകൾ, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാൾ മറഞ്ഞിരുന്ന സ്ഥലത്തുനിന്നു കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി.
ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നത് പ്രകാരം നോർത്ത് കരോലിനയിൽ നിന്നുള്ള കെട്ടിടനിർമാണ തൊഴിലാളിയാണ് റൂത്ത്. അക്രമിക്ക് സൈനിക പശ്ചാത്തലമില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. എന്നിരുന്നാലും യുദ്ധങ്ങളിൽ പങ്കെടുക്കാനുള്ള താത്പര്യം റൂത്ത് നേരത്തെയും പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ യുക്രെയ്ൻ അധിനിവേശ സമയത്ത് യുക്രെയ്ന് വേണ്ടി പോരാടാനുള്ള താത്പര്യം റൂത്ത് പ്രകടിപ്പിച്ചിരുന്നു. യുക്രെയ്ന് വേണ്ടി യുദ്ധം ചെയ്ത് മരിക്കാൻ പോലും തയ്യാറാണെന്ന് കാണിച്ച് റൂത്ത് എക്സ് പോസ്റ്റും പങ്കുവച്ചിട്ടുണ്ട്. ഇതിന് പുറമെ 2002ൽ ആയുധവുമായി കെട്ടിടത്തിൽ അതിക്രമിച്ച് കയറിയ സംഭവത്തിലും റൂത്ത് പ്രതിയാണ്. നിലവിൽ പ്രതിയെ ചോദ്യം ചെയ്ത് വരികയാണ് അന്വേഷണ സംഘം.
ചൈനയെ സഹായിക്കണം എന്നതുൾപ്പെടെ നിരവധി വിഷയങ്ങൾ അദ്ദേഹത്തിന്റെ വാട്‍സ് ആപ്പ് ബയോയിൽ രേഖപ്പെടുത്തിയിട്ടുണ്ട് എന്നതാണ് ശ്രദ്ധേയമായ കാര്യം. കേവലം ഓൺലൈനിലൂടെയുള്ള ആഹ്വാനങ്ങളിൽ ഉപരി നേരിട്ട് പല പ്രവർത്തനങ്ങളിലും റയാൻ റൂത്ത് പങ്കാളികയായിട്ടുണ്ടെന്നാണ് വിവരം. 2023ൽ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ, യുദ്ധശ്രമങ്ങളെ പിന്തുണയ്ക്കാനും അഫ്‌ഗാൻ സൈനികരെ റിക്രൂട്ട് ചെയ്യാനുമായി യുക്രൈനിലേക്ക് താൻ യാത്ര ചെയ്‌തതായി റയാൻ റൂത്ത് അവകാശപ്പെട്ടിരുന്നു.2002-ൽ ഗ്രീൻസ്‌ബോറോയിൽ ആയുധവുമായി കെട്ടിടത്തിനുള്ളിൽ ബാരിക്കേഡ് തകർത്ത് കയറിയ കേസിലും മുൻപ് ഇയാളെ അറസ്‌റ്റ് ചെയ്‌തിരുന്നു എന്നാണ് വിവരം. കടുത്ത വകുപ്പുകൾ ഒക്കെയാണ് ചുമത്തിയതെങ്കിലും ഈ കേസിൽ പിന്നീട് ഇയാൾക്കെതിരെ ശിക്ഷ വിധിച്ചിട്ടുണ്ടോ എന്നതുൾപ്പടെ വ്യക്തമല്ലെന്നാണ് വിവരം.