വാഷിങ്ടന്‍: മുന്‍ യുഎസ് പ്രസിഡന്റും അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ തന്റെ എതിരാളിയുമായ ഡോണള്‍ഡ് ട്രംപിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതികരിച്ച് യുഎസ് വൈസ് പ്രസിഡന്റും പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയുമായ കമല ഹാരിസ്. ഗോള്‍ഫ് ക്ലബ്ബില്‍ വച്ചു വെടിവയ്പുണ്ടായ സംഭവത്തില്‍ ട്രംപ് സുരക്ഷിതനാണെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അമേരിക്കയില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും കമല ഹാരിസ് എക്‌സില്‍ കുറിച്ചു. വെടിവയ്പ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചിട്ടുണ്ടെന്നും കമല വ്യക്തമാക്കി
ഫ്‌ലോറിഡ വെസ്റ്റ് പാം ബീച്ചില്‍ ട്രംപിന്റെ ഉടമസ്ഥതയിലുള്ള ട്രംപ് ഇന്റര്‍നാഷനല്‍ ഗോള്‍ഫ് ക്ലബ്ബില്‍ പ്രാദേശിക സമയം ഞായറാഴ്ച ഉച്ചയ്ക്കാണു വെടിവയ്പുണ്ടായത്. ക്ലബില്‍ ഗോള്‍ഫ് കളിക്കുകയായിരുന്ന ട്രംപിന്റെ സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി ഗോള്‍ഫ് കോഴ്‌സ് പാതി അടച്ചിരുന്നു. തോക്കുമായി മറഞ്ഞിരുന്ന പ്രതി വേലിക്കെട്ടിന് പുറത്തുനിന്ന് ഒന്നിലേറെ തവണ വെടിയുതിര്‍ത്തതായാണു റിപ്പോര്‍ട്ടുകള്‍. ട്രംപ് സുരക്ഷിതനാണെന്ന് അദ്ദേഹത്തിന്റെ പ്രചാരണ സംഘവും മുന്‍ പ്രസിഡന്റുമാരുടെ സുരക്ഷാ ചുമതലയുള്ള യുഎസ് സീക്രട്ട് സര്‍വീസും അറിയിച്ചു.
ഹവായ് സ്വദേശിയായ റയന്‍ വെസ്ലി റൗത്ത് (58) ആണ് വെടിയുതിര്‍ത്തതെന്നും ഇയാളെ പിടികൂടിയതായും സുരക്ഷാ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു. എകെ 47 തോക്ക്, രണ്ടു ബാക്ക്പാക്കുകള്‍, ഗോപ്രോ ക്യാമറ തുടങ്ങിയവ ഇയാള്‍ മറഞ്ഞിരുന്ന സ്ഥലത്തുനിന്നു കണ്ടെടുത്തു. ട്രംപിനെ വധിക്കാനുള്ള ശ്രമമായിരുന്നെന്നു കരുതുന്നതായി എഫ്ബിഐ വ്യക്തമാക്കി. ജൂലൈ 13ന് പെന്‍സില്‍വാനിയയിലെ റാലിക്കിടെ ട്രംപിനു നേരെ വെടിവയ്പ്പുണ്ടായിരുന്നു. പൊതുവേദിയില്‍ പ്രസംഗിക്കുന്നതിനിടെയായിരുന്നു വെടിവയ്പ്. സംഭവത്തില്‍ ട്രംപിന്റെ വലതു ചെവിക്കു പരുക്കേറ്റിരുന്നു. ഈ വര്‍ഷം നവംബറില്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡോണള്‍ഡ് ട്രംപും കമലാ ഹാരിസും പരസ്പരം ഏറ്റുമുട്ടും. ഇരുവരും തമ്മിലുള്ള ആദ്യ സംവാദം കഴിഞ്ഞു ദിവസങ്ങള്‍ക്കുള്ളിലാണ് ട്രംപിനു നേരെ വീണ്ടും ആക്രമണശ്രമം.
ചര്‍ച്ചയ്ക്ക് തൊട്ടുപിന്നാലെ പുറത്തുവന്ന സിഎന്‍എന്‍ ഫ്‌ലാഷ് പോള്‍ പ്രകാരം ട്രംപിനെക്കാള്‍ മികച്ച പ്രകടനം കമല ഹാരിസ് കാഴ്ചവച്ചിരുന്നു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 54% പേര്‍ കമല ഹാരിസ് വിജയിച്ചതായും 31% പേര്‍ ട്രംപാണ് വിജയിച്ചതെന്നും അഭിപ്രായപ്പെടുന്നു.