വാഷിങ്ടൺ: ഒരാഴ്ച ചെയ്ത ജോലിയുടെ വിവരങ്ങൾ നൽകിയില്ലെങ്കിൽ ഫെഡറൽ ജീവനക്കാരെ പുറത്താക്കുമെന്ന ഭീഷണിയുമായി ഇലോൺ മസ്ക്. ജീവനക്കാർക്ക് ശനിയാഴ്ച അയച്ച ഇമെയിലിലാണ് കഴിഞ്ഞയാഴ്ച ചെയ്ത ജോലിയുടെ വിശദാംശങ്ങൾ അറിയിക്കാൻ മസ്ക് നിർദേശിച്ചത്. ഇത് ചെയ്യാതിരുന്നാൽ അത് രാജിയായി കണക്കാക്കുമെന്നും മസ്കിന്റെ ഇമെയിലിലുണ്ട്.
കഴിഞ്ഞയാഴ്ച ചെയ്ത് അഞ്ച് ജോലിയെങ്കിലും ഇമെയിലൂടെ അറിയിക്കണമെന്ന് മസ്കിന്റെ നിർദേശമുണ്ട്. ലിങ്കുകളോ അറ്റാച്ച്മെന്റുകളോ മറുപടിയായി നൽകേണ്ടെന്നും എച്ച്.ആറിന്റെ മെയിലിൽ നിന്നും ജീവനക്കാർക്ക് ലഭിച്ച ഇമെയിലിൽ പറയുന്നു. വളരെ പ്രാധാന്യമർഹിക്കുന്ന ഇമെയിലുകളാണെന്ന രീതിയിൽ റെഡ് മാർക്കോട് കൂടിയാണ് ഇവ അയച്ചിരിക്കുന്നത്.
തിങ്കളാഴ്ചക്കകം ഇമെയിലിന് മറുപടി നൽകണമെന്നും അല്ലെങ്കിൽ അത് രാജിയായി കണക്കാക്കുമെന്നും സന്ദേശത്തിലുണ്ട്. ഇമെയിൽ ഫെഡറൽ ജീവനക്കാർക്കിടയിൽ വലിയ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. പ്രൊബേഷനിലുള്ള ആയിരക്കണക്കിന് ജീവനക്കാരെ പിരിച്ച് വിട്ടതിന് പിന്നാലെ ഇനിയും കൂട്ടപിരിച്ചുവിടലുണ്ടാകുമോയെന്നാണ് ജീവനക്കാരുടെ ആശങ്ക.
അതേസമയം, അവധിയിലുള്ള ജീവനക്കാർ എന്ത് ചെയ്യണമെന്നത് സംബന്ധിച്ച് വ്യക്തത വരുത്താത്തതിലും ആശങ്കയുണ്ട്. ജീവനക്കാരെ അപമാനിക്കുന്നതാണ് മസ്കിന്റെ നടപടിയെന്ന വിമർശനവുമായി യു.എസിലെ തൊഴിലാളി സംഘടന രംഗത്തെത്തിയിട്ടുണ്ട്.