മതവിദ്വേഷ പരാമർശ കേസിൽ ബിജെപി നേതാവ് പി.സി. ജോർജ് റിമാൻഡിൽ. 14 ദിവസത്തേക്കാണ് പി.സി. ജോർജിനെ റിമാൻഡ് ചെയ്തത്. പി.സി. ജോർജിൻ്റെ ജാമ്യാപേക്ഷ ഈരാറ്റുപേട്ട കോടതി തള്ളുകയായിരുന്നു. രാവിലെ ജോർജിനെ വൈകീട്ട് വരെ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പോലീസ് കസ്റ്റഡി പൂർത്തിയായ ശേഷം ജയിലിലേക്ക് മാറ്റും. ഈരാറ്റുപേട്ട കോടതി മജിസ്ട്രേറ്റിൻ്റേതായിരുന്നു നടപടി. വൈദ്യപരിശോധനയ്ക്ക് ശേഷം പി.സി. ജോർജിനെ ചോദ്യം ചെയ്യലിനായി സ്റ്റേഷനിലെത്തിക്കുകയായിരുന്നു.
രാവിലെ 11 മണിയോടെ അഭിഭാഷകനൊപ്പം ഈരാറ്റുപേട്ട കോടതിയിൽ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരായി കീഴടങ്ങുകയായിരുന്നു. പി.സി. ജോർജിനെ ഇന്ന് അറസ്റ്റ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടയിലാണ് ബിജെപി നേതാവ് കീഴടങ്ങിയത്.
ഈരാറ്റുപേട്ട പൊലീസാണ് പി.സി. ജോർജിനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നത്. മുസ്ലീം മതവിഭാഗത്തെ ആക്ഷേപിക്കുന്ന രീതിയിൽ പരാമർശം നടത്തിയെന്നായിരുന്നു പി.സി. ജോർജിനെതിരായ പരാതി. തൊടുപുഴ മുസ്ലീം ലീഗ് കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. നേരത്തെ ഹൈക്കോടതി പി.സി. ജോർജിൻ്റെ ജാമ്യം നിഷേധിച്ചിരുന്നു.
കോട്ടയം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നായിരുന്നു ഹൈക്കോടതിയെ സമീപിച്ചത്. 33 വർഷം എംഎൽഎ ആയിരുന്ന ആളിൽ നിന്നുണ്ടായത് മോശം സമീപനമാണെന്ന് നിരീക്ഷിച്ചായിരുന്നു സെഷൻസ് കോടതി ജാമ്യം നിഷേധിച്ചത്.