ഖാൻ യൂനിസ്: മൂന്ന് ഇസ്രായേലി തടവുകാരെ ഹമാസ് മോചിപ്പിച്ചതിന് പിന്നാലെ 333 പലസ്തീൻ തടവുകാരെ വിട്ടയച്ച് ഇസ്രായേൽ. റാമല്ലയിലാണ് പലസ്തീൻ തടവുകാരെയും വഹിച്ചു കൊണ്ടുള്ള ബസുകൾ എത്തിയത്.ഗസ്സ വെടിനിർത്തൽ കരാറിന്‍റെ ഭാഗമായുള്ള ആറാമത്തെ ബന്ദി കൈമാറ്റമാണ് ഇന്ന് ഖാൻയൂനിസിൽ നടന്നത്.
അമേരിക്കൻ-ഇസ്രായേൽ വംശജൻ സാഗുയി ഡെക്കൽ-ചെൻ, റഷ്യൻ-ഇസ്രായേൽ വംശജൻ അലക്‌സാണ്ടർ ട്രൂഫനോവ്, യെയർ ഹോൺ എന്നീ ബന്ദികളെയാണ് ഹമാസ് ഇന്ന് രാവിലെ റെഡ് ക്രോസിന് കൈമാറിയത്.
വിട്ടയച്ച അമേരിക്കൻ-ഇസ്രായേൽ വംശജൻ സാഗുയി ഡെക്കൽ-ചെനിന്‍റെ മകൾക്ക് സമ്മാനമായി സ്വർണ നാണയം ഹമാസ് സമ്മാനിച്ചെന്നും അൽജസീറ റിപ്പോർട്ട് ചെയ്തു. ഹമാസ് ബന്ദിയാക്കി നാല് മാസത്തിന് ശേഷം ഡെക്കൽ-ചെനിന് മകൾ ജനിച്ചത്.വെടിനിർത്തൽ കരാർ ഇസ്രാേയൽ ലംഘിച്ചതിനെ തുടർന്ന് ആറാംഘട്ട ബന്ദി കൈമാറ്റം നിർത്തിവെക്കുന്നതായി ഹമാസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വെടിനിർത്തൽ ധാരണ ലംഘിച്ച് ഇസ്രായേൽ ഗസ്സയിൽ ആക്രമണം നടത്തുന്നുവെന്നാണ് ഹമാസ് ചൂണ്ടിക്കാട്ടിയത്.
ഇതിനോട് പ്രതികരിച്ച ഇസ്രായേൽ ബന്ദികളെ മോചിപ്പിച്ചില്ലെങ്കിൽ ശനിയാഴ്ച മുതൽ ഗസ്സയിൽ വീണ്ടും ആക്രമണം തുടങ്ങുമെന്ന് മുന്നറിയിപ്പ് നൽകി. ഇതിന് പിന്നാലെ, വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ എല്ലാ തടസങ്ങളും നീക്കുമെന്ന് മധ്യസ്ഥരായ ഈജിപ്തും ഖത്തറും ഉറപ്പു നൽകിയതോടെ മുൻ ധാരണപ്രകാരം ബന്ദികളെ മോചിപ്പിക്കാൻ ഹമാസ് തീരുമാനിച്ചത്.
അതേസമയം, ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ മരിച്ചവരുടെ എണ്ണം വീണ്ടും ഉയർന്നു. കഴിഞ്ഞ 48 മണിക്കൂറിനുള്ളിൽ 25 പേർ മരിച്ചതായും ഒമ്പത് പേർക്ക് പരിക്കേറ്റതായും ഗസ്സയിലെ ആശുപത്രികളിലെ റിപ്പോർട്ട് പ്രകാരം ഗസ്സ ആരോഗ്യ മന്ത്രാലയം വാർത്താകുറിപ്പിൽ അറിയിച്ചു.
ഒക്‌ടോബർ ഏഴ് മുതൽ ആരംഭിച്ച ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ ആകെ എണ്ണം 48,264 ആയി ഉയർന്നു. 1,11,688 പേർക്ക് പരിക്കേറ്റു. ആകെ മരണസംഖ്യ 61,000 കവിയുമെന്നാണ് ഗസ്സയിലെ സർക്കാർ മീഡിയ ഓഫിസ് വ്യക്തമാക്കുന്നത്.
നിരവധി പേർ കെട്ടിട അവശിഷ്ടങ്ങൾക്കടിയിൽ അവശേഷിക്കുന്നുണ്ട്. ഇവരെ കണ്ടെത്താനുള്ള ശ്രമം പുരോഗമിക്കുകയാണ്. കാണാതായ ആയിരക്കണക്കിന് ആളുകൾ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് കരുതപ്പെടുന്നത്.