Tuesday, May 6, 2025
HomeAmericaഅടുത്ത ബാച്ച് കയറ്റി വിട്ടു എന്ന് സൂചന: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവർ രണ്ട് വിമാനങ്ങളിലായി ഇന്ത്യയിലേക്ക്

അടുത്ത ബാച്ച് കയറ്റി വിട്ടു എന്ന് സൂചന: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയവർ രണ്ട് വിമാനങ്ങളിലായി ഇന്ത്യയിലേക്ക്

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാരെന്ന് കണ്ടെത്തിയതിന് പിന്നാലെ ഇന്ത്യക്കാരെ വീണ്ടും തിരിച്ചയച്ച് അമേരിക്ക. ഇന്ത്യക്കാരുമായി രണ്ടുവിമാനങ്ങള്‍ പുറപ്പെട്ടതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ശനി, ഞായര്‍ ദിവസങ്ങളില്‍ ഈ വിമാനങ്ങള്‍ ഇന്ത്യയിലെത്തും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എസ് സന്ദര്‍ശനത്തിനിടെയാണ് അമേരിക്കയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

119 പേരുമായെത്തുന്ന വിമാനങ്ങള്‍ ശനിയാഴ്ച അമൃത്‌സറില്‍ ഇറങ്ങും. ഇത് രണ്ടാംവട്ടമാണ് നാടുകടത്തപ്പെട്ട ഇന്ത്യക്കാരുമായുള്ള വിമാനം അമൃത്‌സറില്‍ ഇറങ്ങുന്നത്.

പഞ്ചാബ് സ്വദേശികളായ 67 പേര്‍, ഹരിയാണയില്‍നിന്ന് 33 പേര്‍, എട്ട് ഗുജറാത്ത് സ്വദേശികള്‍, മൂന്ന് യു,പി സ്വദേശികള്‍, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നിവിടങ്ങില്‍നിന്ന് രണ്ടുപേര്‍ വീതം, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ് സ്വദേശികളായ ഓരോ പൗരന്മാരുമാണ് ഈ സംഘത്തിലെത്തുന്നത്. അതേസമയം ശനിയാഴ്ച ഇന്ത്യയിലെത്തുന്നത് സൈനിക വിമാനമാണോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.

അമേരിക്ക തിരിച്ചയച്ച 104 ഇന്ത്യക്കാരുമായി യു.എസ്. സൈനിക വിമാനം സി-17 കഴിഞ്ഞയാഴ്ചയാണ് പഞ്ചാബിലെ അമൃത്‌സറിലിറങ്ങിയത്. ശ്രീ ഗുരു രാംദാസ് ജി അന്താരാഷ്ട്ര വിമാനത്താവളത്തിലായിരുന്നു ലാന്‍ഡിങ്. പഞ്ചാബില്‍നിന്ന് 30 പേര്‍, ഹരിയാണ, ഗുജറാത്ത് എന്നിവിടങ്ങളില്‍നിന്ന് 33 പേര്‍ വീതം, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്ന് മൂന്നുപേര്‍ വീതം, ചണ്ഡീഗഢില്‍നിന്ന് രണ്ടുപേരുമാണ് എത്തിയത്.

അമേരിക്ക നാടുകടത്തുന്ന ആദ്യ ഇന്ത്യന്‍ കുടിയേറ്റക്കാരുടെ സംഘമായിരുന്നു ആ വിമാനത്തില്‍ മടങ്ങിയെത്തിയത്. സൈനികവിമാനത്തില്‍ കൈവിലങ്ങുവെച്ചാണ് തങ്ങളെ തിരിച്ചെത്തിച്ചതെന്ന് ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ വെളിപ്പെടുത്തിയിരുന്നു. കാലുകളും കൈകളുമുള്‍പ്പെടെ വിലങ്ങുവെച്ചെന്നും സീറ്റില്‍ നിന്ന് നീങ്ങാന്‍ പോലും സാധിക്കാത്ത സാഹചര്യമായിരുന്നുവെന്നും അവര്‍ പറഞ്ഞിരുന്നു.

ശാരീരികവും മാനസികവുമായി ഏറെ ബുദ്ധിമുട്ടിലായിരുന്നുവെന്നും തിരിച്ചെത്തിയവര്‍ കൂട്ടിച്ചേര്‍ത്തു. ഇതിന് പിന്നാലെ വന്‍ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. ഇന്ന് മോദി – ട്രംപ് ചർച്ചയ്ക്കിടെ അനധികൃത കുടിയേറ്റക്കാരെ ഇന്ത്യ തിരികെ സ്വീകരിക്കുമെന്നും അനധികൃത കുടിയേറ്റം ശരിയായ നടപടി അല്ലെന്നും മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ മനുഷ്യത്വ രഹിതമായി ആളുകളെ എത്തിക്കുന്നത് സംബന്ധിച്ച് മോദി ഒന്നും സംസാരിച്ചിരുന്നില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments