കൊച്ചി: കലൂർ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എം.എൽ.എ ആശുപത്രി വിട്ടു. 46 ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് ഉമ തോമസിനെ ഡിസ്ചാർജ് ചെയ്തത്. ഡിസംബർ 29നാണ് എം.എൽ.എ വീണ് പരിക്കേൽക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തത്. ഉമ തോമസ് എം.എൽ.എ ചെയ്തുകൊണ്ടിരിക്കുന്ന ഫിസിയോ തെറാപ്പി വീട്ടില്‍നിന്ന് തുടരാമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ആശുപത്രി വിടാന്‍ തീരുമാനിച്ചത്. നിലവിൽ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
46 ദിവസത്തെ ചികിത്സക്കിടെ ആശുപത്രി ജീവനക്കാരുമായി വളരെയേറെ അടുത്തുവെന്ന് ഉമ തോമസ് പറഞ്ഞു. ഓരോരുത്തരും ചേർത്തുപിടിച്ചു. ഡോക്ടർമാരും നഴ്സുമാരും മറ്റ് സപ്പോർട്ടിങ് സ്റ്റാഫും ഏറെ കരുതലോടെയാണ് ഇടപെട്ടതതെന്നും അവർ പ്രതികരിച്ചു.
നൃത്ത പരിപാടിക്കിടെ വി.ഐ.പി ഗ്യാലറിയിൽനിന്ന് വീണ ഉമ തോമസിന് തലച്ചോറിനും ശ്വാസകോശത്തിനും ഉൾപ്പെടെ ഗുരുതര പരിക്കേറ്റിരുന്നു. റെനെ മെഡിസിറ്റിയില്‍ ചികിത്സയില്‍ കഴിയവേ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു വരുന്നതിന്‍റെ എല്ലാ വിവരങ്ങളും ഡോക്ടര്‍മാര്‍ പങ്കുവെച്ചു. എം.എൽ.എയുടെ മനോധൈര്യം പ്രശംസനീയമാണെന്ന് ആയിരുന്നു ചികിത്സിച്ച ഡോക്ടർമാരുടെ പ്രതികരണം. മികച്ച ചികിത്സ ലഭ്യമാക്കിയതിന് നന്ദി അറിയിച്ച ഉമാ തോമസിനോട് ഇത് തന്‍റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.
ഇതിനിടെ ആശുപത്രിയിൽനിന്ന് ഉമ തോമസ് ഓൺലൈനായി പൊതുപരിപാടിയിൽ പങ്കെടുത്തിരുന്നു. ‘വലിയൊരു അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട് ചികിത്സയിലാണ്. ഈ തിരിച്ചുവരവിന് നിങ്ങളുടെയെല്ലാം പ്രാർത്ഥനയുണ്ടായിരുന്നുവെന്ന് ഞാൻ വളരെ നന്ദിയോടെ ഓർക്കുന്നു. വിളിക്കുന്ന ഓരോരുത്തരും എനിക്ക് വേണ്ടി പ്രാർഥിച്ചിരുന്നു എന്ന് പറയുമ്പോൾ ആ പ്രാർത്ഥന തന്നെയാണ് എന്നെ ജീവിതതതിലേക്ക് തിരിച്ചുകൊണ്ടുവന്നത് എന്ന് ഞാൻ വിശ്വസിക്കുന്നു’ -ആശുപത്രിക്കിടക്കയിൽ നിന്ന് പുഞ്ചിരിയോടെ ഉമതോമസ് എം.എൽ.എയുടെ സംസാരം ലോകം കേട്ടു.
കാക്കനാട് എം എ അബൂബക്കർ മെമ്മോറിയൽ സ്കൂൾ വികസനത്തിന്‍റെ ഭാഗമായി പുതിയ കെട്ടിടത്തിന്‍റെ നിർമോണോദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായാണ് എം.എൽ.എ പങ്കെടുത്തത്. സ്കൂളിന് എം.എൽ.എ ഫണ്ടിൽനിന്നും അനുവദിച്ച ബസ് ഏതാനും ദിവസത്തിനുള്ളിൽ കൈമാറാൻ സാധിക്കുമെന്ന സന്തോഷ വാർത്ത കൂടി ഈ അവസരത്തിൽ പങ്കുവയ്ക്കുന്നതായും ഉമതോമസ് പറഞ്ഞു.