തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി. സുനിൽ കുമാർ. ദേശീയ ഗെയിംസിൽ കേരളം പിന്തള്ളപ്പെടാൻ കാരണം മന്ത്രിയും സ്പോർട്സ് കൗൺസിലുമാണെന്നായിരുന്നു സുനിൽ കുമാറിന്റെ ആരോപണം.
ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂർണ പരാജയമായി മാറി. നാലു വർഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നൽകാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസിൽ കാണാൻ കഴിഞ്ഞത്. മന്ത്രി എന്ന നിലയിൽ അബ്ദുറഹിമാൻ വട്ടപ്പൂജ്യമായി മാറിയെന്നും സുനിൽ കുമാർ കുറ്റപ്പെടുത്തി.
ഉത്തരാഖണ്ഡിൽ നടന്ന ദേശീയ ഗെയിംസിൽ കേരളം 14ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വർണം ഉൾപ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്സ് മാതൃകയിൽ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസിൽ 36 സ്വർണമുൾപ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.