റോം: ശ്വാസതടസ്സത്തെ (ബ്രോങ്കൈറ്റിസ്) തുടർന്ന് ഫ്രാൻസിസ് മാർപാപ്പയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർചികിത്സക്കും പരിശോധനക്കുമായാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് വത്തിക്കാൻ അറിയിച്ചു. റോമിലെ അഗോസ്റ്റിനോ ജെമെല്ലി യൂനിവേഴ്സിറ്റി പോളിക്ലിനിക്കിലാണ് മാർപാപ്പയെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ വിശ്വാസികൾക്കൊപ്പം പ്രാർഥനയിൽ പങ്കെടുക്കുകയും സ്ലോവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫികോയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് മാർപാപ്പക്ക് ബ്രോങ്കൈറ്റിസ് സ്ഥീരീകരിച്ചത്. എങ്കിലും അദ്ദേഹം ഞായറാഴ്ച കുർബാന അടക്കം പ്രധാന മതപരിപാടികൾക്ക് നേതൃത്വം നൽകിയിരുന്നു. ശ്വാസതടസ്സം നേരിടുന്നതിനാൽ പൊതുചടങ്ങുകളിൽ അദ്ദേഹത്തിന്റെ പ്രസംഗം സഹായി വായിക്കുകയാണ് ചെയ്തത്.
യുവാവായിരിക്കെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തതിനാൽ വർഷങ്ങളായി അദ്ദേഹത്തിന് ബ്രോങ്കൈറ്റിസ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. തണുപ്പ് കാലത്ത് ബ്രോങ്കൈറ്റിസ് രൂക്ഷമാകുകയാണ് പതിവ്. വീൽചെയറും ഊന്നുവടിയും ഉപയോഗിക്കാറുള്ള മാർപാപ്പ ഈയിടെ രണ്ടു തവണ വീഴുകയും കൈക്കും താടിക്കും പരിക്കേൽക്കുകയും ചെയ്തിരുന്നു.