ഡൊണാള്‍ഡ് ട്രംപിന്റെ രീതികള്‍ അപ്രവചനീയമാണ്. എവിടെ എപ്പോള്‍ എന്തു സംഭവിക്കുമെന്ന് ആര്‍ക്കും പിടികിട്ടില്ല. യു.എസ് ഫസ്റ്റ് നയത്തിലൂന്നി ട്രംപ് കഴിഞ്ഞ ദിവസം കാനഡയ്ക്കും മെക്‌സിക്കോവിനും ചൈനയ്ക്കും നേരെ വാളെടുത്തു. മൂന്നു രാജ്യങ്ങളില്‍ നിന്നുമുള്ള ഇറക്കുമതിക്ക് കനത്ത നികുതി ഈടാക്കിയാണ് വ്യാപാര യുദ്ധത്തിന് അദ്ദേഹം തുടക്കമിട്ടത്.
യു.എസും വ്യാപാര പങ്കാളികളുമായുള്ള പ്രശ്‌നങ്ങളാണെങ്കിലും ഇതിന്റെ അലയൊലികള്‍ ആഗോള വിപണിയിലും പ്രകടമായി. ട്രംപിന്റെ നയംമൂലം ക്രൂഡ്ഓയില്‍ വില ഉയരുന്നത് ഇന്ത്യയ്ക്കും തിരിച്ചടിയാണ്. നിലവില്‍ ബ്രെന്റ് ക്രൂഡ് വില 76 ഡോളറിന് മുകളിലാണ്.
എണ്ണ ഉത്പാദക രാജ്യങ്ങളുടെ സംഘടനയായ ഒപെക് പ്ലസ് തിങ്കളാഴ്ച രാത്രി യോഗം ചേരുകയാണ്. ക്രൂഡ് വില കുറയ്ക്കാന്‍ ട്രംപ് കഴിഞ്ഞയാഴ്ച ഒപെക് രാജ്യങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം ഉള്‍പ്പെടെ ഉത്പാദനം വെട്ടിക്കുറച്ച് വില സ്ഥിരത നേടുകയെന്ന നീക്കമാണ് സൗദി ഉള്‍പ്പെടെയുള്ള ഒപെക് രാജ്യങ്ങള്‍ നടത്തുന്നത്. വില കുറയ്ക്കണമെന്ന ട്രംപിന്റെ നിര്‍ദേശം ഒപെക് യോഗം അംഗീകരിക്കാനിടയില്ല.
റഷ്യ, ഇറാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള എണ്ണയ്ക്ക് ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ ഉത്തരവ് ആഗോള വിപണിയിലേക്കുള്ള എണ്ണവരവ് കുറയ്ക്കുന്നുണ്ട്. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഡിമാന്‍ഡ് കുറഞ്ഞിട്ടും എണ്ണവില 76 ഡോളറിലേക്ക് കയറാനുള്ള കാരണവും ഇതാണ്.
വരും ദിവസങ്ങളില്‍ എണ്ണവില വീണ്ടും ഉയരാനുള്ള സാധ്യതയാണ് നിരീക്ഷകര്‍ കാണുന്നത്. റഷ്യന്‍, ഇറാന്‍ എണ്ണയെ ആശ്രയിച്ചിരുന്ന രാജ്യങ്ങള്‍ക്ക് മറ്റ് വിപണികളിലേക്ക് പോകേണ്ടിവരും. ഇത് ഡിമാന്‍ഡ് ഉയര്‍ത്തും.