ന്യൂഡല്‍ഹി: ലഡാക്കിലെ തര്‍ക്കമേഖലയില്‍ നിന്ന് സേനാപിന്മാറ്റം പൂര്‍ത്തിയായെങ്കിലും നിയന്ത്രണരേഖയോട് ചേര്‍ന്ന് അടിസ്ഥാന സൗകര്യങ്ങള്‍ വിപുലീകരിക്കുന്നത് തുടര്‍ന്ന് ചൈന. ഇന്ത്യയ്ക്കും ചൈനയ്ക്കുമിടയിലുള്ള യഥാര്‍ഥ നിയന്ത്രണ രേഖയിലുടനീളം സൈനിക പോസ്റ്റുകളും അതിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ചൈനീസ് സേന വര്‍ധിപ്പിക്കുന്നുണ്ട് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അരുണാചല്‍ പ്രദേശിനോട് ചേര്‍ന്ന തവാങ് സെക്ടറിലെ യാങ്ട്‌സിയില്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ സൈന്യത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മേഖലയില്‍ ഇന്ത്യയ്ക്ക് തന്ത്രപ്രധാനമായ മുന്‍തൂക്കമുള്ള പ്രദേശമാണ്. അതിനാല്‍ ചൈനീസ് നീക്കങ്ങള്‍ വളരെ പെട്ടെന്ന് ഇന്ത്യയ്ക്ക് തിരിച്ചറിയാന്‍ സാധിക്കും
സൈനിക ക്യാമ്പുകള്‍ക്ക് പുറമെ കോണ്‍ക്രീറ്റ് റോഡുകളും ചൈനീസ് സൈന്യം നിര്‍മിക്കുന്നുണ്ട്. വളരെ പെട്ടെന്ന് വലിയതോതില്‍ സേനാവിന്യാസം നടത്താന്‍ സാധിക്കുന്ന തരത്തില്‍ മണ്‍പാതയുടെ നിര്‍മാണവും വളരെ വേഗത്തില്‍ നടക്കുന്നുണ്ട്. അതേസമയം യഥാര്‍ഥ നിയന്ത്രണരേഖയോട് ചേര്‍ന്ന് ഇന്ത്യയും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നുണ്ടെന്നും ഇരുരാജ്യങ്ങളും അംഗീകരിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരമാണ് ഇപ്പോഴത്തെ പ്രവൃത്തികളെന്നുമാണ് പ്രതിരോധവൃത്തങ്ങള്‍ പറയുന്നത്.ഇതില്‍ ഏതെങ്കിലും തരത്തിലുള്ള ലംഘനം ശ്രദ്ധയില്‍പെട്ടാല്‍ ഉചിതമായ രീതിയില്‍ അക്കാര്യം ഉന്നയിക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യയോട് പേരുവെളിപ്പെടുത്താത്ത ഉദ്യോഗസ്ഥന്‍ പ്രതികരിച്ചത്.
ചൈനീസ് ഭാഗത്തുള്ള ലാംപങ്, ടാങ്‌വു എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന റോഡ് നിര്‍മാണം പുരോഗമിക്കുകയാണ്. യാങ്ട്‌സിയിലേക്കുള്ള റോഡ് നിര്‍മാണവും നടക്കുന്നു. ഇന്ത്യന്‍ സൈനിക നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇവ പൂര്‍ത്തിയാകുന്നതോടെ ചൈനീസ് സൈന്യത്തിന് സാധിക്കും. പെട്ടെന്ന് സൈനിക നീക്കത്തിന് ഈ റോഡുകള്‍ അവര്‍ക്ക് പ്രയോജനപ്പെടും. തവാങ്, നാകു ല, വടക്കന്‍ സിക്കിം തുടങ്ങിയ തന്ത്രപ്രധാനമായ മേഖലകളില്‍ വലിയതോതിലുള്ള നിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. 2022ല്‍ ഇരുസേനകളും തമ്മില്‍ ഏറ്റുമുട്ടിയ യാങ്ട്‌സി, അസഫില എന്നിവിടങ്ങളില്‍ ഇന്ത്യയ്ക്ക് നിര്‍ണായക മേല്‍ക്കൈയുണ്ട്. ഈ രണ്ട് സ്ഥലങ്ങളിലും ഇരുസേനകളും തമ്മില്‍ സംഘര്‍ഷമുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്.
റോഡുകള്‍, പാലങ്ങള്‍, ഹെലിപ്പാഡുകള്‍, പീരങ്കികള്‍ സ്ഥാപിക്കാനുള്ള കേന്ദ്രങ്ങള്‍ തുടങ്ങിയവയൊക്കെ ചൈനീസ് സൈന്യം നിര്‍മിക്കുന്നുണ്ട്. 3,488 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിര്‍ത്തിയാണ് ഇന്ത്യയും ചൈനയും തമ്മിലുള്ളത്. പടിഞ്ഞാറന്‍ ലഡാക്ക് മുതല്‍ അരുണാചല്‍ പ്രദേശ് വരെയുള്ള ഈ അതിര്‍ത്തിയില്‍ ആയുധങ്ങളുള്‍പ്പെടെ വലിയതോതില്‍ എത്തിച്ചിട്ടുമുണ്ട്. സേനാപിന്മാറ്റത്തിന് ധാരണയായതിന് പുറമെ പട്രോളിങ്ങിനിടെയുണ്ടാകുന്ന ചെറിയ തര്‍ക്കങ്ങള്‍ കൂടുതല്‍ കൈവിട്ട് പോകാതിരിക്കാനുള്ള സംവിധാനം കോര്‍പ്‌സ് കമാന്‍ഡ് തലത്തില്‍ ഇരുഭാഗത്തുമുണ്ട്. എന്നിരുന്നാലും ചൈനീസ് സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഇന്ത്യ സസൂക്ഷ്മം നിരീക്ഷിക്കുന്നുണ്ട്.

