ന്യൂഡല്‍ഹി: യുഎസില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന ചില സാധനങ്ങളുടെ തീരുവ ഇന്ത്യ കുറച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. പ്രത്യേകതരം സ്റ്റീല്‍, വിലകൂടിയ മോട്ടോര്‍സൈക്കിളുകള്‍, ഇലക്ട്രോണിക് വസ്തുക്കള്‍ തുടങ്ങിയ സാധനങ്ങളുടെ ഇറക്കുമതിത്തീരുവയില്‍ ഇന്ത്യ കുറവ് വരുത്തിയേക്കുമെന്ന് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു
യുഎസില്‍നിന്ന് നിലവില്‍ ഇന്ത്യ ഇറക്കുമതി ചെയ്യുന്ന സാധനങ്ങൾക്ക് നൂറ് ശതമാനത്തിലേറെ നികുതി ചുമത്തുന്നുണ്ട്. ഇന്ത്യ, ചൈന, ബ്രസീല്‍ തുടങ്ങിയ രാഷ്ട്രങ്ങളുടെ പേരുകള്‍ പരാമര്‍ശിച്ച് ‘ഭീമമായ തീരുവ ചുമത്തുന്ന രാജ്യങ്ങളെ’ന്ന് കഴിഞ്ഞ ദിവസം യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അപലപിച്ചിരുന്നു.
ഇത് അധികകാലം തുടരാന്‍ അനുവദിക്കില്ലെന്നും അമേരിക്കയെ ലോകത്തിന്റെ നെറുകയിലെത്തിക്കുമെന്നും ട്രംപ് പ്രസ്താവിച്ചിരുന്നു. തങ്ങളെ ഉപദ്രവിക്കുന്ന രാഷ്ട്രങ്ങള്‍ക്കും ജനങ്ങള്‍ക്കും മേല്‍ നികുതി ചുമത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു. ഡോളറിനെ പൊതു കറന്‍സിയായി ഉപയോഗിക്കരുതെന്ന ബ്രിക്‌സ് രാജ്യങ്ങളുടെ ചര്‍ച്ച അവസാനിപ്പിച്ചില്ലെങ്കില്‍ ബ്രിക്‌സ് രാഷ്ട്രങ്ങള്‍ക്ക് നൂറ് ശതമാനം തീരുവ ഏര്‍പ്പെടുത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. തീരുവ മുന്‍നിര്‍ത്തിയുള്ള ട്രംപിന്റെ പ്രസ്താവനകളെല്ലാം വ്യക്തമായ സാമ്പത്തിക അജണ്ടയായാണ് വിലയിരുത്തുന്നത്.

