വാഷിങ്ടൺ : ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ജനുവരി 20 നേരം പുലരുമ്പോൾ അമേരിക്ക പഴയ അമേരിക്കയല്ല. യുഎസിൻ്റെ 47ാം പ്രസിഡൻ്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കുന്ന ദിവസം. രാവിലെ മുതൽ ചടങ്ങുകൾ ആരംഭിക്കുകയാണ്. രാവിലെ വാഷിങ്ടണിലെ സെൻ്റ് ജോൺസ് പള്ളിയിലെ സർവീസോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് വൈറ്റ്ഹൌസിൽ ചായ സൽക്കാരം. രാവിലെ 9 മണിയോടെ ( അമേരിക്കൻ സമയം) സംഗീത പരിപാടികൾ തുടങ്ങും. ഉച്ചയ്ക്ക് 12 മണിക്കാണ് സത്യ പ്രതിജ്ഞാ ചടങ്ങ്.
: നാലുവർഷത്തെ ഇടവേളക്കുശേഷം രാജകീയ തിരിച്ചുവരവായി ഡോണൾഡ് ട്രംപിന് അമേരിക്കൻ പ്രസിഡന്റ് പദത്തിൽ രണ്ടാം ഇന്നിങ്സാണിത് . തിങ്കളാഴ്ച രാത്രി 10ന് വാഷിങ്ടൺ ഡി.സിയിലെ യു.എസ് കാപിറ്റോളിൽ 47ാമത് പ്രസിഡന്റായി ട്രംപും വൈസ് പ്രസിഡന്റായി ജെ.ഡി വാൻസും ചുമതലയേൽക്കും. കാലാവസ്ഥ അതിശൈത്യമായതിനാൽ അടച്ചിട്ട വേദിയിലാകും സത്യപ്രതിജ്ഞ. പതിറ്റാണ്ടുകൾക്കിടെ ആദ്യമായാണ് പുറത്തെ വേദിയിൽനിന്ന് ചടങ്ങുകൾ മാറ്റുന്നത്. സത്യപ്രതിജ്ഞക്കുശേഷം ട്രംപ് പുറത്ത് ആഘോഷങ്ങളുടെ ഭാഗമാകും. ട്രംപും കുടുംബവും പാർട്ടി അനുഭാവികളും രാഷ്ട്രീയ സഖ്യകക്ഷി നേതാക്കളുമടക്കം വൻനിര തന്നെ വാഷിങ്ടണിലെത്തിയിട്ടുണ്ട്.
അധികാരമേറ്റുള്ള ട്രംപിന്റെ പ്രസംഗം, ഒപ്പുചാർത്തൽ, ക്യാപിറ്റൽ വൺ അരീനയിൽ പരേഡ്, കലാവിരുന്ന് എന്നിങ്ങനെ പരിപാടികളാണ് ഇന്നു നടക്കുക. സ്ഥലപരിമിതി മൂലം അകത്തെ വേദിയിൽ ഇടംകിട്ടാതെ പോകുന്ന അതിഥികൾക്കെല്ലാം ചടങ്ങു തത്സമയം കാണാൻ സൗകര്യമുണ്ട്.
നവംബറിൽ നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റ് സ്ഥാനാർഥി കമല ഹാരിസിനെ പരാജയപ്പെടുത്തിയാണ് റിപ്പബ്ലിക്കൻ പ്രതിനിധിയായി ട്രംപ് വീണ്ടും അമേരിക്കയിൽ അധികാരത്തിലെത്തിയത്. വൈറ്റ്ഹൗസിനു സമീപം സെന്റ് ജോൺസ് എപിസ്കോപൽ ചർച്ചിലെ കുർബാനയോടെയാകും ചടങ്ങുകൾക്ക് തുടക്കം. തൊട്ടുപിറകെ വൈറ്റ്ഹൗസിൽ ചായ സൽക്കാരവും അതുകഴിഞ്ഞ് കാപിറ്റോളിൽ സത്യപ്രതിജ്ഞയും. ചുമതലയേറ്റ് ഉദ്ഘാടന പ്രഭാഷണം നിർവഹിക്കും. സെനറ്റ് ചേംബറിനോടുചേർന്ന് പ്രസിഡന്റിന്റെ മുറിയിലെത്തി ഒപ്പുവെച്ചശേഷം പ്രസിഡന്റിന്റെ പരേഡും നടക്കും.