മുംബൈ: തദ്ദേശീയമായി നിര്‍മിച്ച രണ്ട് മുന്‍നിര കപ്പലുകളും ഒരു അന്തര്‍വാഹിനിയും രാജ്യത്തിന് സമര്‍പ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മിസൈല്‍ നശീകരണ കപ്പലുകളായ ഐഎന്‍എസ് സൂറത്ത്, സ്റ്റെല്‍ത്ത് യുദ്ധക്കപ്പലായ ഐഎന്‍എസ് നീലഗിരി, അന്തര്‍വാഹിനി ഐഎന്‍എസ് വാഗ്ഷീര്‍ എന്നിയവയാണ് കമ്മീഷന്‍ ചെയ്തവ.
മുബൈ നേവല്‍ ഡോക്കിയാര്‍ഡില്‍വെച്ച് സമര്‍പ്പിച്ച ഇവ മൂന്നും പ്രതിരോധ നിര്‍മാണത്തിലും സമുദ്ര സുരക്ഷയിലും രാജ്യത്തിന്റെ സുപ്രധാനമായ കുതിച്ചുചാട്ടത്തെ അടയാളപ്പെടുത്തുന്നതാണ്. ഇന്ത്യയില്‍തന്നെ നിര്‍മിച്ച ഈ മൂന്ന് മുന്‍നിര പോരാളികളും രാജ്യത്തിന് അഭിമാനമാണ്. ഇന്നത്തെ ഇന്ത്യ ലോകത്തിലെ ഒരു പ്രധാന നാവികശക്തിയായി ഉയര്‍ന്നുവരികയാണ്, പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയുടെ സമുദ്ര പൈതൃകത്തിന് വലിയ ദിവസമാണിതെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി, ഛത്രപതി ശിവജി മഹാരാജിന്റെ നാവികസേനയെ സംബന്ധിച്ച കാഴ്ചപ്പാടുകളേക്കുറിച്ചും അനുസ്മരിച്ചു.
7400 ടണ്‍ കേവ് ഭാരമുള്ള കപ്പലാണ് സൂറത്ത്. നീലഗിരിക്ക് 6670 ടണ്‍ ഭാരമാണുള്ളത്. ഡീസല്‍- ഇലക്ട്രിക് എന്‍ജിനില്‍ പ്രവര്‍ത്തിക്കുന്ന വാഗ്ഷീറിന് 1600 ടണ്‍ ആണ് ഭാരം. ഇവ മൂന്നും അത്യാധുനിക സെന്‍സറുകളും ആയുധങ്ങളും വഹിക്കാന്‍ ശേഷിയുള്ളവയാണ്. മുംബൈയിലെ മസഗോണ്‍ ഡോക്സ് ലിമിറ്റഡാണ് യുദ്ധക്കപ്പലുകള്‍ നിര്‍മിച്ചത്. ഇവ ഡിസംബറില്‍ നാവികസേനയ്ക്ക് കൈമാറിയിരുന്നു.
2030 ആകുമ്പോഴേക്കും 155 മുതല്‍ 160 വരെ യുദ്ധക്കപ്പലുകള്‍ സേനയുടെ ഭാഗമാക്കുക എന്നതാണ് നാവികസേന ലക്ഷ്യമിടുന്നത്. സേനയുടെ മിക്ക യുദ്ധക്കപ്പലുകളും അപ്പോഴേക്കും കാലഹരണപ്പെടുമെന്നാണ് കണക്കുകൂട്ടുന്നത്. നിലവില്‍ 130 യുദ്ധക്കപ്പലുകളും 251 യുദ്ധവിമാനങ്ങളും ഹെലികോപ്റ്ററുകളുമാണ് നാവികസേനയ്ക്കുള്ളത്.