ഇന്നുവരെ കണ്ടെത്തിയതില്‍വെച്ച് ഏറ്റവും പഴക്കമുള്ള മഞ്ഞുപാളിയെ തുരന്നെടുത്തിരിക്കുകയാണ് ഒരുകൂട്ടം ശാസ്ത്രജ്ഞര്‍. നാലു വേനല്‍ക്കാലത്തെ തീവ്രമായ പ്രവര്‍ത്തനത്തിനൊടുവില്‍ അന്റാര്‍ട്ടിക്കയിലെ ഐസ് കോറില്‍നിന്ന് വേര്‍തിരിച്ചെടുത്ത ഈ മഞ്ഞുകട്ടയ്ക്ക് 12 ലക്ഷം വര്‍ഷമാണ് പ്രായം. 35 ഡിഗ്രി സെല്‍ഷ്യസില്‍ 2.8 കിലോമീറ്റര്‍ തുരന്ന് ഇവരെന്തിനാണ് ഇത് പുറത്തെടുത്തത്? 9186 അടി നീളമുള്ള സാംപിള്‍ ഭൂമിയുടെ കാലാവസ്ഥാചരിത്രത്തിലേക്ക് ശാസ്ത്രലോകത്തെ എത്തിക്കുമെന്ന പ്രതീക്ഷയാണ് കാരണം.
കാലാവസ്ഥയുടെ പരിണാമത്തെക്കുറിച്ചുള്ള നിഗൂഢതകള്‍ക്ക് ഇത് ഉത്തരം നല്‍കിയേക്കാം. മഞ്ഞുപാളിക്കുള്ളില്‍ കുടുങ്ങിയ വായുകുമിളകള്‍ മുന്‍കാല അന്തരീക്ഷഘടനയെക്കുറിച്ച് പഠിക്കാന്‍ സഹായകമാകുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. ഹരിതഗൃഹവാതകങ്ങളും ആഗോളതാപനിലയും തമ്മിലുള്ള സങ്കീര്‍ണമായ ബന്ധം മനസ്സിലാക്കാനും ഇത് സഹായകമാകുമെന്ന് ശാസ്ത്രജ്ഞര്‍ പറഞ്ഞു.
യൂറോപ്യന്‍ കമ്മിഷന്‍ സഹായധനം നല്‍കുന്ന ഏറ്റവും പഴയ ഐസ് പ്രോജക്ട് ബിയോണ്ട് എപിക്കയുടെ കാമ്പയിനിന്റെ ഭാഗമായാണ് കണ്ടെത്തല്‍. ‘ഭൂമിയുടെ കാലാവസ്ഥയുടെ വിചിത്രമായ ആര്‍ക്കൈവ്’, ‘ടൈം മെഷീന്‍’ എന്നൊക്കെയാണ് ബിയോണ്ട് എപിക്കയുടെ സംഘാടകന്‍ കാര്‍ലോ ബാര്‍ബന്റേ ഇതിനെ വിശേഷിപ്പിച്ചത്.