വാഷിങ്ടൺ: വാണിജ്യ ബഹിരാകാശദൗത്യങ്ങളിലെ സ്പെയ്‌സ് എക്സിന്റെ കുത്തക തകർക്കുക എന്ന ലക്ഷ്യവുമായി ഭീമൻ റോക്കറ്റ് വിക്ഷേപിക്കാൻ ബ്ലൂ ഒറിജിൻ ഒരുങ്ങുന്നു. ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നനും ആമസോൺ സ്ഥാപകനുമായ ജെഫ് ബെസോസിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയാണ് ബ്ലൂ ഒറിജിൻ
‘ന്യൂഗ്ലെൻ’ എന്ന് പേരിട്ട റോക്കറ്റ് തിങ്കളാഴ്ച ഫ്ളോറിഡയിലെ കേപ്പ് കനാവെറലലിൽനിന്ന് വിക്ഷേപിക്കും. ഭൂമിയെ വലംവെച്ച നാസയുടെ ആദ്യ ബഹിരാകാശശാസ്ത്രജ്ഞനായ ജോൺ ഗ്ലെന്നിനോടുള്ള ആദരസൂചകമായാണ് റോക്കറ്റിന് പേരിട്ടത്.
2000-ത്തിലാണ് ബെസോസ് കമ്പനി സ്ഥാപിച്ചത്. സ്പെയ്‌സ് എക്സിന്റെ സൂപ്പർ ഹെവിറോക്കറ്റായ ഫാൽക്കൺ-9-നോട് കിടപിടിക്കുന്നതാണ് ന്യൂ ഗ്ലെൻ റോക്കറ്റ്. 98 മീറ്ററാണ് ഉയരം (32 നില കെട്ടിടത്തിന്റെ അത്രയും). 45 ടൺ ഭാരം വഹിക്കാനാകും. സ്പെയ്സ് എക്സിന്റെ ഫാൽക്കൺ-9-ന് 22 ടണ്ണും ഫാൽക്കൺ ഹെവി റോക്കറ്റുകൾക്ക് 63.8 ടണ്ണും ഭാരം വഹിക്കാനാകും.
ലോകത്തെ ഏറ്റവും വലിയ ധനികനും ട്രപിൻ്റെ സുഹൃത്തുമായ ഇലോൺ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള ബഹിരാകാശകമ്പനിയായ സ്പെയ്‌സ് എക്സാണ് സ്വകാര്യ, വാണിജ്യ ബഹിരാകാശദൗത്യങ്ങളിൽ മുൻനിരയിലുള്ളത്.