ഒരായിരം ദീപ പ്രഭയോടെ മനസില്‍ അയ്യപ്പസ്വാമി നിറയുമ്പോള്‍ മലയില്‍ ഒരു ദീപം തെളിയും. ശരണമന്ത്രം ചൊല്ലി മഞ്ഞു പെയ്യുന്ന സായംസന്ധ്യയില്‍ ലോകം പൊമ്പലമേടായി മാറും. മാലകറ്റാന്‍ മാലയിട്ട സ്വാമിമാര്‍ ഉള്ളുരുകി ശരണം വിളിക്കും. കാടത് ഏറ്റു ചൊല്ലും. തഴുകി വരുന്ന കാറ്റിനു മുതല്‍ ഞെട്ടറ്റു വീഴുന്ന ഇലയ്ക്കു പോലും ചൊല്ലാനുള്ള അയ്യപ്പനാമമാകും. വന്യമൃഗങ്ങള്‍ സ്വാമി ഭക്തര്‍ക്കായി വഴി മാറും. പമ്പ അപ്പോഴും ഒഴുകിയൊഴുകി കുളിരണിയ്ക്കും. മനസിന്റെ അന്ധകാരത്തിനുമേല്‍ പ്രകാശം ചൊരിഞ്ഞ് മകരവിളക്ക് ഇന്ന്.
അതൊരു അനുഭവമല്ല, അനുഭൂതിയാണ് ഇരുമുടിയുമായി തിരുവടിയിലെത്തുന്ന ഭക്തന്. ശ്രീശബരീശ്വര വിളക്കും ദേവപ്രഭ ചൊരിയുന്ന നക്ഷത്രവും തൊഴുതങ്ങനെ സ്വാമിമാര്‍ നില്‍ക്കും. ജന്മപുണ്യ സുകൃതം നേടിയ നിര്‍വൃതിയോടെ.
മിന്നി മറയുന്ന ദീപപ്രഭ ഒന്നു കണ്ടാല്‍ മതി. അതൊരു തെളിച്ചമാണ് സ്വാമി ഭക്തര്‍ക്ക്. പതിനെട്ടാം പടിമേല്‍ വാഴുന്ന അയ്യപ്പ സ്വാമിയുടെ പതിനെട്ടു മലകളിലും പര്‍ണശാലകള്‍ തീര്‍ത്ത് സ്വാമി രൂപം മനസില്‍ പ്രതിഷ്ഠിച്ച സ്വാമി ഭക്തര്‍് കാത്തിരിപ്പാണ്.
മകരസംക്രമ സന്ധ്യയില്‍ വില്ലാളിവീരനായ സ്വാമി തിരുവാഭരണവിഭൂഷിതനാകുന്നതോടെ പൊന്നമ്പലമേട്ടില്‍ വിളക്കു തെളിയും. ഇടറുന്ന മെയ്യും നിറയുന്ന കണ്ണുകളുമായി സ്വാമിമാര്‍ വിളക്കു തൊഴുത് ആത്മനിര്‍വൃതി അണയും. പിന്നെ അയ്യപ്പസ്വാമിയെ തൊഴുന്നതോടെ പുണ്യം ഈ ജന്മം. തീരാ ദുരിതങ്ങളും മാറാവ്യാധികളും തീര്‍ക്കാന്‍ ശനിശ്വാ നീയേ തുണ എന്ന പ്രാര്‍ത്ഥന സമര്‍പ്പിച്ച് മലയിറങ്ങുമ്പോള്‍ പ്രതീക്ഷകളുടെ ആയിരം ജ്യോതി മനസില്‍ തെളിയും.
നിന്റെ ഉള്ളിലെ ദൈവം നീ തന്നെ എന്ന് ‘തത്ത്വമസി’ പൊരുള്‍ ലോകത്തിനു പകര്‍ന്ന അപൂര്‍വ കാനനക്ഷേത്രത്തിലെ ഈ സവിശേഷ ദിനത്തെ വരവേല്‍ക്കാന്‍ സന്നിധാനം ഒരുങ്ങി കഴിഞ്ഞു. വൈകിട്ട് 6.30ന് ദീപാരാധന നടക്കും. മകരവിളക്കിനായി വന്‍ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.
എല്ലാ വായനക്കാർക്കും മകരവിളക്ക് ആശംസകളോടെ….
മലയാളി ടൈംസ്