നെയ്യാറ്റിന്‍കര (തിരുവനന്തപുരം): ആറാലുംമൂട്ടിൽ ഗൃഹനാഥന്റെ മൃതദേഹം ആരുമറിയാതെ മറവുചെയ്ത സംഭവത്തിൽ കല്ലറ പൊളിക്കുന്നത് സംബന്ധിച്ച് ജില്ല ഭരണകൂടം ഇന്ന് തീരുമാനമെടുക്കും. സമാധി പൊളിക്കാൻ സമ്മതിക്കില്ലെന്നും ഹിന്ദു ഐക്യവേദിയുമായി കൂടിയാലോചിച്ച് തീരുമാനിക്കുമെന്നും മരിച്ച ഗോപൻസ്വാമിയുടെ മകൻ പറഞ്ഞു.
ഇന്നലെ കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാനുള്ള ശ്രമം ഭാര്യ സുലോചന, മക്കളായ സനന്ദൻ, രാജഗോപാൽ എന്നിവരും സംഘ്പരിവാർ ബന്ധമുള്ളവരും ചേർന്ന് തടഞ്ഞിരുന്നു. സമാധി പൊളിച്ചാൽ അതിന്റെ പവർ പോകുമെന്നും ഹിന്ദുവികാരം വ്രണപ്പെടുമെന്നും ഭാര്യയും മക്കളും പറഞ്ഞു. മൃതദേഹം ഡോക്ടർ പരിശോധിച്ചാൽ അത് കളങ്കപ്പെടുമെന്നതിനാലാണ് അനുവദിക്കാതിരുന്നതെന്നും ഇവർ പറഞ്ഞു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് നെയ്യാറ്റിന്‍കര ആറാലുംമൂട് സ്വദേശി ഗോപന്‍ സ്വാമി (78) മരിച്ചത്. മൃതദേഹം വീട്ടുകാർ രഹസ്യമായി സമീപത്തെ കല്ലറയിൽ സംസ്കരിക്കുകയും സമാധിയായതായി അവകാശപ്പെടുകയുമായിരുന്നു. സമാധി ചടങ്ങുകള്‍ ആരും കാണരുതെന്ന് പിതാവ് നിർദേശിച്ചിരുന്നതിനാലാണ് രഹസ്യമായി സംസ്കരിച്ചതെന്ന് മക്കൾ വാദിച്ചു. സംഭവത്തിൽ ചില സാമുദായിക സംഘടന നേതാക്കൾ കൂടി ഇടപെട്ടതോടെ പ്രദേശത്ത് ഇരു വിഭാഗങ്ങളായി ചേരിതിരിഞ്ഞ് വാക്കുതര്‍ക്കവും സംഘര്‍ഷവുമുടലെടുത്തു. സംഘർഷമൊഴിവാക്കാൻ കല്ലറ പൊളിക്കുന്നത് ഇന്നലെ താൽക്കാലികമായി നിര്‍ത്തിവെക്കുകയായിരുന്നു.
മരണ വിവരം സമീപവാസികളും ബന്ധുക്കളും അറിയുന്നത് സംസ്‌കാരം നടത്തിയശേഷം മക്കള്‍ പതിച്ച പോസ്റ്ററിലൂടെയായിരുന്നു. സംഭവത്തില്‍ നാട്ടുകാര്‍ സംശയം പ്രകടിപ്പിച്ചതോടെ, കഴിഞ്ഞദിവസം നെയ്യാറ്റിന്‍കര പൊലീസ് കേസെടുത്തു. അയല്‍വാസിയായ വിശ്വംഭരനാണ് പരാതി നല്‍കിയത്. പൊലീസ് റിപ്പോർട്ടിനെ തുടർന്ന് കലക്ടറാണ് സമാധി പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പരിശോധിക്കാൻ നിർദേശിച്ചത്. ഉത്തരവ് നടപ്പാക്കാൻ സബ്കലക്ടർ ഒ.വി. ആൽഫ്രഡിന്‍റെ നേതൃത്വത്തിൽ വലിയ പൊലീസ് സന്നാഹം തിങ്കളാഴ്ച രാവിലെ സ്ഥലത്തെത്തി.
ഫോറന്‍സിക് സംഘമുള്‍പ്പെടെ വിദഗ്ധരെത്തി നടപടി തുടങ്ങിയതും പ്രതിഷേധവുമായി വീട്ടുകാർ രംഗത്തെത്തി. ഒപ്പം ചില സംഘടന പ്രവർത്തകരും പ്രതിഷേധവുമായെത്തി. ഇവരും പൊലീസുമായി വലിയ വാക്കേറ്റമായി. ബഹളത്തിനിടെ, മതസ്പര്‍ധ സൃഷ്ടിക്കുന്ന ചില ആരോപണങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തിയതോടെ ചേരിതിരിഞ്ഞ് സംഘര്‍ഷമായി. പൊലീസ് ഇരുവിഭാഗത്തെയും നീക്കിയതോടെയാണ് പ്രശ്‌നത്തിന് താൽക്കാലിക ശമനമുണ്ടായത്. ഗോപൻ സ്വാമിയുടെ മക്കളുമായി പൊലീസ് പലവട്ടം സംസാരിച്ചെങ്കിലും വഴങ്ങാൻ അവർ തയാറായില്ല. കല്ലറ പൊളിക്കാൻ ഒരുതരത്തിലും അനുവദിക്കില്ലെന്ന നിലപാട് തുടരുകയായിരുന്നു.