പത്തനംതിട്ട: വ്രതമെടുത്ത് മാലയിട്ട് മലചവുട്ടുന്ന ഭക്തര്‍ക്ക് ദര്‍ശനപുണ്യമേകി ഇന്ന് മകരവിളക്ക്. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ മലയിറങ്ങാതെ കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പൊലീസുകാരാണ് സുരക്ഷ ഒരുക്കുന്നത്.
ഇന്ന് ഉച്ചക്ക് 12 മണി വരെ മാത്രമാണ് തീര്‍ത്ഥാടകരെ ശബരിമലയില്‍ പ്രവേശിപ്പിക്കുക. മകരവിളക്ക് മഹോത്സവത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായും ഇന്ന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു.
അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്താനുള്ള തിരുവാഭരണ ഘോഷയാത്ര ഇന്ന് വൈകീട്ടോടെ ശരംകുത്തിയിലെത്തും. തുടര്‍ന്ന് ആറരയോടെ അയ്യപ്പന് തിരുവാഭരണം ചാര്‍ത്തി മഹാദീപാരാധന. ദീപാരാധനയ്ക്ക് ശേഷം കിഴക്ക് പൊന്നമ്പലമേട്ടില്‍ മകര ജ്യോതി ദൃശ്യമാവും.
വ്യൂ പോയിന്റുകളില്‍ നിന്നു മാത്രമേ മകരവിളക്ക് ദര്‍ശിക്കാന്‍ അനുവദിക്കൂ. കെട്ടിടങ്ങളുടെ മുകളിലും, മരത്തിലും മറ്റും കയറി മകരവിളക്ക് ദര്‍ശിക്കാന്‍ ഒരു കാരണവശാലും അനുവദിക്കില്ല.
ദര്‍ശനത്തിന് ശേഷം നിശ്ചയിക്കപ്പെട്ട ഇടങ്ങളിലൂടെ സ്വയം നിയന്ത്രിച്ച് മലയിറങ്ങണമെന്ന് ദേവസ്വം ബോര്‍ഡും പോലീസും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഫയർഫോഴ്‌സ്, ആരോഗ്യം,, റവന്യു, മലിനീകരണ നിയന്ത്രണ ബോർഡ് വിവിധ ഇടങ്ങളിലായി മേൽനോട്ടങ്ങൾ നടത്തുന്നുണ്ട്.