ഇസ്ലാമാബാദ്: അഫ്ഗാന്‍ താലിബാന്‍ സര്‍ക്കാരിനെ ‘നിയമവിധേയമാക്കരുതെന്നും’ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും വിദ്യാഭ്യാസത്തിനുമേലുള്ള അവരുടെ നിയന്ത്രണങ്ങളെ എതിര്‍ക്കണമെന്നും സമാധാന നോബല്‍ സമ്മാന ജേതാവ് മലാല യൂസഫ് സായ് മുസ്ലീം നേതാക്കളോട് അഭ്യര്‍ത്ഥിച്ചു. പാകിസ്ഥാന്‍ തലസ്ഥാനമായ ഇസ്ലാമാബാദില്‍ നടക്കുന്ന മുസ്ലീം രാജ്യങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു 27കാരിയായ മലാല.
‘മുസ്ലിം നേതാക്കളെന്ന നിലയില്‍, നിങ്ങളുടെ ശബ്ദമുയര്‍ത്താനും നിങ്ങളുടെ ശക്തി ഉപയോഗിക്കാനും ഇപ്പോള്‍ സമയമായി. നിങ്ങള്‍ക്ക് യഥാര്‍ത്ഥ നേതൃത്വം കാണിക്കാന്‍ കഴിയും. നിങ്ങള്‍ക്ക് യഥാര്‍ത്ഥ ഇസ്ലാം എന്താണെന്ന് കാണിക്കാന്‍ കഴിയും’ മലാല പറഞ്ഞു.
മുസ്ലീം വേള്‍ഡ് ലീഗിന്റെ പിന്തുണയോടെ നടന്ന ഉച്ചകോടിയില്‍ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നുള്ള മന്ത്രിമാരും വിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരും പങ്കെടുത്തു.
2021 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയതിനുശേഷം, താലിബാന്‍ സര്‍ക്കാര്‍ സ്ത്രീകളെയും പെണ്‍കുട്ടികളെയും സെക്കന്‍ഡറി സ്‌കൂള്‍, യൂണിവേഴ്‌സിറ്റി വിദ്യാഭ്യാസത്തില്‍ നിന്നും നിരവധി സര്‍ക്കാര്‍ ജോലികളില്‍ നിന്നും വിലക്കി. മാത്രമല്ല പൊതുജീവിതത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും അവരെ ഒറ്റപ്പെടുത്തുകയും ചെയ്തു.