Tuesday, January 14, 2025
HomeAmericaവാട്‌സ്ആപ്പ് മെസേജുകൾ വായിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കഴിയും: മെറ്റ സിഇഒ സക്കർബർഗ്

വാട്‌സ്ആപ്പ് മെസേജുകൾ വായിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾക്ക് കഴിയും: മെറ്റ സിഇഒ സക്കർബർഗ്

വാഷിങ്ടൺ: സിഐഎ, എഫ്ബിഐ ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ സംഘങ്ങൾക്കും അന്വേഷണ ഏജൻസികൾക്കും വാട്‌സ്ആപ്പ് മെസേജുകൾ ഹാക്ക് ചെയ്തു വായിക്കാൻ കഴിയുമെന്നു മെറ്റ സിഇഒ മാർക്ക് സക്കർബർഗ്. ഉപയോക്താക്കളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകുന്ന പുതിയ സംവിധാനങ്ങൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പൂർണമായി എല്ലാം സുരക്ഷിതമാണെന്നു പറയാൻ കഴിയില്ലെന്നു സമ്മതിച്ചിരിക്കുകയാണ് അദ്ദേഹം. അതേസമയം, മെറ്റയ്ക്ക് മെസേജുകളൊന്നും വായിക്കാൻ കഴിയില്ലെന്ന് സക്കര്‍ബര്‍ഗ് ഉറപ്പുനൽകി.

അമേരിക്കൻ നടനും അവതാരകനുമായ ജോസഫ് റോഗന്റെ ‘ജോ റോഗൻ എക്‌സ്പീരിയൻസ്’ എന്ന പോഡ്കാസ്റ്റിനു നൽകിയ മൂന്നു മണിക്കൂറോളം ദൈർഘ്യമുള്ള അഭിമുഖത്തിലാണ് മെറ്റ തലവൻ തുറന്നുപറച്ചിൽ നടത്തിയത്. തന്റെ മെസേജുകളും ഇ-മെയിൽ സന്ദേശങ്ങളും നാഷനൽ സെക്യൂരിറ്റി ഏജൻസിയും(എൻഎസ്എ) സിഐഎയും ചോർത്തിയതായി അമേരിക്കൻ അവതാരകൻ ടക്കർ കാൾസൻ നേരത്തെ ആരോപിച്ചത് വലിയ വിവാദമായിരുന്നു. റഷ്യൻ പ്രസിഡന്റ് വാള്ദാമിർ പുടിനെ അഭിമുഖം ചെയ്യാനിരിക്കെയായിരുന്നു സംഭവം. ഇതുമായി ബന്ധപ്പെട്ട ആശയവിനിമയങ്ങൾ നേരത്തെ ചോർത്തുകയും അഭിമുഖം തടസപ്പെടുത്തുകയും ചെയ്‌തെന്ന് കാൾസൻ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് റോഗൻ ചോദ്യമുയർത്തിയപ്പോഴാണ് വാട്‌സ്ആപ്പ് മെസേജുകളുടെ സുരക്ഷയെ കുറിച്ച് സക്കർബർഗ് പ്രതികരിച്ചത്.

ഇത്തരം (മെസേജിങ് ആപ്പുകളിൽ) ഒരുപാട് ബലഹീനതകൾ നിലവിലുണ്ട്. വാട്‌സ്ആപ്പിലെ എൻക്രിപ്ഷൻ(സംഭാഷണങ്ങൾ മറ്റുള്ളവർ വായിക്കാതിരിക്കാൻ രഹസ്യകോഡിലാക്കുന്ന രീതി) നല്ലതാണ്. സിഗ്നലും വാട്‌സ്ആപ്പും ഒരേ എൻക്രിപ്ഷൻ ആണ് ഉപയോഗിക്കുന്നത്. പക്ഷേ, അപ്പോഴും ചിലർക്ക് നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്ത് അകത്തുള്ളതെല്ലാം കാണാൻ കഴിയും.’-സക്കർബർഗ് വെളിപ്പെടുത്തി.

സേവനദാതാക്കളായ കമ്പനിക്ക് മെസേജുകൾ കാണാൻ കഴിയില്ല എന്നൊരു കാര്യമാണ് എൻക്രിപ്ഷനിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉദാഹരണത്തിന് ഞാൻ താങ്കൾക്ക് ഒരു മെസേജ് അയച്ചാൽ മെറ്റയുടെ സർവറിന് അതിന്റെ ഉള്ളടക്കം കാണാനാകില്ല. അതിനകത്തുള്ള ഫോട്ടോയോ പങ്കുവച്ച കാര്യങ്ങളോ ഒന്നും ലഭിക്കില്ല. ഉപയോക്താക്കളുടെ വിശ്വാസം ഇത്തരമൊരു സംവിധാനം നടപ്പാക്കാനുള്ള ഒരു കാരണമാണ്. ഇതോടൊപ്പം ആരെങ്കിലും മെറ്റയുടെ സർവറുകൾ ഹാക്ക് ചെയ്താൽ എല്ലാ ഉപയോക്താക്കളുടെയും സന്ദേശങ്ങൾ ചോരുന്ന സ്ഥിതി വരും. അതുകൊണ്ട് ഇതു നല്ല കാര്യവുമാണ്. എന്നാൽ, എൻഎസ്എയ്ക്കും സിഐഎയ്ക്കും നിങ്ങളുടെ ഫോണുകൾ പല വഴിക്ക് ഹാക്ക് ചെയ്യാനാകും. എഫ്ബിഐ നിങ്ങളെ അറസ്റ്റ് ചെയ്താൽ ഫോണുകൾ വാങ്ങിവയ്ക്കാനിടയുണ്ട്. അതുവഴി ഫോണിലെ വിവരങ്ങൾ സ്വന്തമാക്കാനാകുമെന്നും മെറ്റ സിഇഒ ചൂണ്ടിക്കാട്ടി.

പെഗാസസ് ഉൾപ്പെടെയുള്ള ചാര സോഫ്റ്റ്‌വെയറുകൾ വഴി ഫോണുകൾ ഹാക്ക് ചെയ്ത് മെസേജുകൾ വായിക്കാൻ സാധ്യതയുള്ളതുകൊണ്ടാണ് ‘ഡിസപ്പിയറിങ് മെസേജസ്’ എന്ന ഓപ്ഷൻ ഞങ്ങൾ കൊണ്ടുവന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു. എൻക്രിപ്ഷനൊപ്പം ഡിസപ്പിയറിങ് ഓപ്ഷനും ഉപയോഗിക്കുകയാണെങ്കിൽ അതു കൂടുതൽ നല്ല സുരക്ഷയാകും. നിലവിൽ ഏറ്റവും സുരക്ഷിതമായ ആപ്പുകളാണ് വാട്‌സ്ആപ്പും സിഗ്നലുമെന്നും സക്കർബർഗ് വ്യക്തമാക്കി.

ടെലഗ്രാം സിഇഒ പാവൽ ദുറോവിന്റെ അറസ്റ്റിനെ കുറിച്ചും അഭിമുഖത്തിൽ അദ്ദേഹം നിലപാട് പറഞ്ഞു. ദുറോവിന്റെ അറസ്റ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാതെ പറയാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, തങ്ങൾക്ക് ഇഷ്ടപ്പെടാത്ത കമ്പനികളുടെ ജീവനക്കാരെ ജയിലിലിടുമെന്നു ഭീഷണിപ്പെടുത്തുന്ന ഒരു രീതി പല ഭരണകൂടങ്ങൾക്കുമുണ്ട്. അത് വിചിത്രമായൊരു മാതൃകയാണ്. പല രാജ്യങ്ങളിലും നമ്മുടെ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ആ രാജ്യങ്ങളിലെ ഭരണകൂടങ്ങൾ ഇന്റർപോൾ നോട്ടീസ് അയച്ച് നമ്മളെ അറസ്റ്റ് ചെയ്യാൻ നിൽക്കുന്നത് നല്ല കാര്യമാണെന്നു തോന്നുന്നില്ലെന്ന് സക്കർബർഗ് അഭിപ്രായപ്പെട്ടു.

നിയമം ലംഘിക്കുന്നത് ശരിയല്ല. എന്നാൽ, ചില രാജ്യങ്ങളിൽ നമുക്ക് അംഗീകരിക്കാൻ പറ്റാത്ത നിയമങ്ങളുമുണ്ട്. പാകിസ്താനിൽ എന്നെ അറസ്റ്റ് ചെയ്തു ജയിലിലിടാൻ ഒരു ശ്രമമുണ്ട്. ആരോ പ്രവാചകൻ മുഹമ്മദ് നബിയുടേതെന്ന പേരിൽ ഫേസ്ബുക്കിൽ ഒരു ചിത്രം പങ്കുവച്ചു. ഇത് മതനിന്ദയാണെന്നു കാണിച്ച് ഒരാൾ എനിക്കെതിരെ നിയമനടപടി സീകരിച്ചിരിക്കുകയാണ്. പാകിസ്താനിലേക്കു പോകാൻ പദ്ധതിയില്ലാത്തതുകൊണ്ട് അതേക്കുറിച്ച് വലിയ ആശങ്കയില്ല. പക്ഷേ, പല രാജ്യങ്ങളിലും നമ്മുടെ മൂല്യങ്ങൾക്കു വിരുദ്ധമായ, ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനെതിരായ നിയമങ്ങളുണ്ട്. ഇതിന്റെ പേരിൽ നമ്മെ നിരോധിക്കാനും അറസ്റ്റ് ചെയ്യാനുമെല്ലാം ഭരണകൂടങ്ങൾ ശ്രമിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, ദുറോവിന്റെ കാര്യത്തിൽ എനിക്ക് പൂർണമായും അങ്ങനെ പറയാൻ കഴിയില്ല. ആ കേസിൽ എന്തൊക്കെയാണ് നടക്കുന്നതെന്ന് തനിക്കു വ്യക്തമല്ലെന്നും മാർക്ക് സക്കർബർഗ് കൂട്ടിച്ചേർത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments