വാഷിങ്ങ്ടൺ : ലോസ് ആഞ്ചൽസിൽ തീ ആളിക്കത്തുന്നതിനിടെ തീയെടുത്ത വീടുകളിൽ മോഷണം നടത്തിയ പ്രതി പിടിയിൽ. അഗ്നിശമന സേനാംഗത്തിൻ്റെ വേഷത്തിലെത്തിയായിരുന്നു പ്രതിയുടെ മോഷണം. മാലിബു പ്രദേശത്ത് മോഷണം നടത്തവെയാണ് അധികൃതർ ഇയാളെ പിടികൂടിയതെന്ന് ഫോക്സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.
പൊലീസ് ഉദ്യോഗസ്ഥരടക്കം ഇയാൾ അഗ്നിശമന വിഭാഗത്തിലെ വ്യക്തിയാണെന്നാണ് കരുതിയത്. മാലിബു പ്രദേശത്ത് ജോലി ചെയ്തിരുന്ന ലോസ് ആഞ്ചൽസ് കൗണ്ടി ഷെരിഫ് ഉദ്യോഗസ്ഥൻ റോബർട്ട് ലൂണ, സേനാഗം എന്ന് കരുതി ഇയാളുടെ അടുത്തു ചെന്നു. എന്നാൽ കൈയിൽ വിലങ്ങ് കണ്ടപ്പോഴാണ് ഇയാളെ അറസ്റ്റ് ചെയ്തതാണെന്ന് മനസിലായത്.
‘തീപിടിത്തം സംഭവിച്ച സ്ഥലങ്ങളിൽ നിന്ന് വിവിധ സംഭവങ്ങളിലായി ഇതിനോടകം 29 പേരെയാണ് അറസ്റ്റ് ചെയ്തത്. ഇതിൽ കർഫ്യൂ ലംഘിച്ചവരും മോഷണക്കുറ്റത്തിന് പിടിയിലായവരുമുണ്ട്. വൈകീട്ട് ആറ് മുതൽ രാവിലെ ആറ് വരെ പ്രദേശത്ത് കർഫ്യു ഏർപ്പെടുത്തിയിട്ടുണ്ട്. ഒരു പൊതു സുരക്ഷാ ഉദ്യോഗസ്ഥനോ ദുരന്ത നിവാരണ പ്രവർത്തകനോ അല്ലെങ്കിൽ ഈ സ്ഥലങ്ങളിൽ ഉണ്ടായിരിക്കേണ്ട ആവശ്യമില്ല. അങ്ങനെയുള്ളവരെ എന്തായാലും അറസ്റ്റ് ചെയ്യു’മെന്നും കൗണ്ടി ഷെരിഫ് ഉദ്യോഗസ്ഥൻ റോബർട്ട് ലൂണ പറഞ്ഞു.
ഇതിനോടകം 24 പേരുടെ ജീവനാണ് ലോസ് ആഞ്ചൽസിൽ ആളിക്കത്തിയ തീപിടിത്തത്തിൽ പൊലിഞ്ഞത്. 12000ലധികം കെട്ടിടങ്ങൾക്കാണ് നാശനഷ്ടം സംഭവിച്ചത്. പ്രദേശത്തു നിന്ന് ഒരു ലക്ഷത്തിലധികം ആളുകൾക്കാണ് ഇതുവരെ മാറിത്താമസിക്കേണ്ടി വന്നത്. 150 ബില്യൺ യുഎസ് ഡോളർസിൻ്റെ നഷ്ടമുണ്ടായെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. യുഎസ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നാശനഷ്ടമാണ് തീപിടിത്തത്തിലുണ്ടായത്. മുപ്പതിനായിരത്തോളം ഏക്കറിലാണ് തീപിടിത്തമുണ്ടായത്.