ബെംഗളൂരു : ഇസ്രോയുടെ നിര്‍ണായക സ്‌പേസ് ഡോക്കിങ് (സ്‌പേഡെക്‌സ്) ദൗത്യം മാറ്റിവച്ചു. ബഹിരാകാശത്ത് 2 ഉപഗ്രഹങ്ങളെ ഒരുമിപ്പിക്കുന്ന സങ്കീര്‍ണ ദൗത്യമാണു സ്‌പേസ് ഡോക്കിങ്. ഉപഗ്രഹങ്ങള്‍ തമ്മിലുള്ള ദൂരം 15 മീറ്ററില്‍നിന്നു 3 മീറ്ററായി കുറച്ചിരുന്നു. 1.5 കിലോമീറ്റര്‍ അകലെയായിരുന്ന ഉപഗ്രഹങ്ങളെയാണ് 15 മീറ്ററിലേക്ക് അടുപ്പിച്ചത്.
പക്ഷേ, ഡോക്കിങ് നടത്തുന്നതിനു മുന്‍പു കൂടുതല്‍ ഡേറ്റ വിശകലനത്തിനായി 2 ഉപഗ്രങ്ങളെയും അകലെയാക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് ഐഎസ്ആര്‍ഒ എക്‌സില്‍ വ്യക്തമാക്കി. ലക്ഷ്യത്തിനു തൊട്ടരികെ എത്തിയെങ്കിലും മൂന്നാം തവണയും ഡോക്കിങ് മാറ്റിവയ്ക്കുകയായിരുന്നു. ജനുവരി 9ന് നടന്ന ശ്രമത്തില്‍, ഡ്രിഫ്റ്റ് പ്രതീക്ഷിച്ചതിലും കൂടുതലായപ്പോള്‍ ഉപഗ്രഹങ്ങള്‍ 230 മീറ്റര്‍ അകലെയായി. കഴിഞ്ഞദിവസം അര്‍ധരാത്രിക്കു ശേഷം, ഡ്രിഫ്റ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച്, ഉപഗ്രഹങ്ങള്‍ തമ്മിലുള്ള അകലം 15 മീറ്ററായി ചുരുക്കിയിരുന്നു. 15 ല്‍നിന്ന് 3 മീറ്ററിലേക്കു ദൂരം കുറയ്ക്കാന്‍ ശ്രമിച്ചപ്പോഴാണു പ്രശ്‌നമുണ്ടായത്. തുടര്‍ന്ന് ഉപഗ്രഹങ്ങള്‍ സുരക്ഷിതമായ ദൂരത്തിലേക്കു മാറ്റേണ്ടി വന്നു.