ബെർലിൻ: ജർമനിയിൽ എക്സ് ഓൺലൈൻ പ്ലാറ്റ്ഫോമിനെതിരായ പ്രതിഷേധം ശക്തമാകുന്നു. വെറുപ്പും വിദ്വേഷവും പ്രചരിപ്പിക്കുവെന്ന് വ്യക്തമാക്കി 60ലേറെ സർവകലാശാലകളാണ് എക്‌സ് അക്കൗണ്ട് ഉപേക്ഷിച്ചത്.
ജർമ്മൻ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മസ്ക്, എക്സിൽ തീവ്ര വലതുപക്ഷ പാർട്ടിയായ ആൾട്ടർനേറ്റീവ് ഫോർ ജർമനി (എഎഫ്ഡി)യെ പിന്തുണച്ചിരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധമാണ് രാജ്യത്ത് ഉയർന്നിരുന്നത്. പിന്നാലെയാണ് എക്സ് ഉപേക്ഷിക്കുന്ന ക്യാമ്പയിനുമായി സർവകലാശാലകൾ രംഗത്ത് എത്തുന്നത്.
ടിയു ഡ്രെസ്ഡൻ, ഫ്രീ യൂണിവേഴ്സിറ്റി ഓഫ് ബർലിൻ, ബർലിൻ ഹുംബോൾട്ട് യൂണിവേഴ്സിറ്റി, കൊളോണിലെ ജർമൻ സ്പോർട് യൂണിവേഴ്സിറ്റി, ആർഡബ്ല്യുടിഎച്ച് ആച്ചൻ കൂടാതെ ലെയ്ബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബാൾട്ടിക് സീ റിസർച്ച് വാർനെമുണ്ടെ, ജർമൻ ഓർണിത്തോളജിക്കൽ സൊസൈറ്റി തുടങ്ങിയ ഗവേഷണ സ്ഥാപനങ്ങളും എക്സ് ഉപേക്ഷിച്ചവയിൽ ഉൾപ്പെടുന്നു.
തീവ്ര വലതുപക്ഷ ഉള്ളടക്കം പ്രചരിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സര്‍വകലാശാലകള്‍ ഇറക്കിയ സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഓരോ മണിക്കൂറിലും കൂടുതൽ സർവ്വകലാശാലകൾ എക്സ് ഉപേക്ഷിക്കുന്ന ക്യാമ്പയിനില്‍ ഭാഗമാകുമെന്ന് പ്രചാരണത്തിന് നേതൃത്വം നൽകിയ ഡസൽഡോർഫിലെ ഹെൻറിച്ച് ഹെയ്ൻ യൂണിവേഴ്സിറ്റി വക്താവ് അച്ചിം സോൾകെ പറഞ്ഞു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മറവിൽ വിദ്വേഷ പ്രസംഗങ്ങള്‍, വ്യാജ വിവരങ്ങള്‍, വെറുപ്പ് എന്നിവയാണ് പ്രചരിപ്പിക്കുന്നതെന്ന് പോട്സ്ഡാം സർവകലാശാലയുടെ വക്താവ് സിൽക്ക് ഏംഗൽ പറയുന്നു.
ഫെബ്രുവരിയിലാണ് ജര്‍മനിയിലെ പൊതുതിരഞ്ഞെടുപ്പ്. ‘എഎഫ്ഡിക്ക് മാത്രമേ ജര്‍മനിയെ രക്ഷിക്കാനാവൂ’ എന്ന് മസ്‌ക് പോസ്റ്റുചെയ്തിരുന്നു. നിലവില്‍ അഭിപ്രായ വോട്ടെടുപ്പില്‍ ജര്‍മനിയില്‍ രണ്ടാമതാണ് എഎഫ്ഡിയുടെ സ്ഥാനം. തങ്ങളുടെ ജനപ്രീതി വര്‍ധിപ്പിക്കുന്നതിനായി എഎഫ്ഡി അടുത്തിടെ കുടിയേറ്റ വരുദ്ധമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു. ഇതിന് പ്രചാരം നല്‍കുന്ന നപടികളാണ് മസ്ക് സ്വീകരിക്കുന്നത്.