കൊച്ചി: കേരളത്തിലേയും അമേരിക്കയിലേയും മാധ്യമപ്രവര്‍ത്തകരുടെ സംഗമഭൂമിയായി മാറി ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്ക എട്ടാമത് മാധ്യമ പുരസ്‌കാരദാന ചടങ്ങ്. അപൂര്‍വമായ ഈ സംഗമത്തിന് സാക്ഷികളാകാന്‍ കേരളത്തിന്റെയും അമേരിക്കയുടെയും വിവിധ ഭാഗങ്ങളില്‍ നിന്ന് നിരവധി ആളുകളാണ് ഒഴുകിയെത്തിയത്. ജന്മനാട്ടിലെ മാധ്യമ പ്രവര്‍ത്തകരെ ആദരിക്കുന്ന പ്രൗഢഗംഭീരമായ സദസില്‍ കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയ സാമൂഹിക ചലച്ചിത്രരംഗത്തെ നിരവധി പ്രതിഭകളാണ് അണിനിരന്നത്.
നാട്ടിലെ മാധ്യമ പ്രവര്‍ത്തകര്‍ ആദരിക്കപ്പെടണ്ടവരാണെന്നും നാട്ടിലെ വേരുകള്‍ വിസ്മരിക്കാത്തവരാണ് അമേരിക്കയിലെ മാധ്യമപ്രവര്‍ത്തകര്‍ എന്നും വിളിച്ചു പറയുന്നതാണ് ഈ പുരസ്‌കാരദാന ചടങ്ങെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍ പറഞ്ഞു. ലോകത്തെല്ലായിടത്തും മാധ്യമ പ്രവര്‍ത്തനം വെല്ലുവിളികളേയും ഭീഷണികളേയും നേരിടുന്ന കാലമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ സംഭവിച്ചുകൊണ്ടിരുന്നതെല്ലാം വേറൊരു രീതിയില്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ നടന്നു കൊണ്ടിരിക്കയാണ്. ഏകാധിപധികള്‍, പൗരാവകാശങ്ങളെ അടിച്ചമര്‍ത്തുന്നവര്‍, ചോദ്യം ചെയ്യുന്നവരെ ജയിലറകളിലേക്ക് അയക്കുന്നവര്‍, നാടുകടത്തുന്നവര്‍ എന്നിങ്ങനെ നീളുന്നു അത്. മാധ്യമകളുട മാറിയ കാലത്ത് ആര്‍ട്ടിഫിഷല്‍ ഇന്റിലിജന്‍സ് അടക്കം വികസിച്ചുവരുമ്പോള്‍ ഈ ഏകാധിപതികളായ നേതാക്കള്‍ എങ്ങനെയാണ് ദുരുപയോഗം ചെയ്യുന്നതെന്ന് കാത്തിരുന്നു കാണണമെന്നും വി.ഡി. സതീശന്‍ പറഞ്ഞു.
അമേരിക്ക കോന്നിപോലെ മലയാളിക്ക് സമീപത്തുള്ള ഒരു സ്ഥലമാക്കി മാറ്റിയത് അവിടെയുള്ള മാധ്യമ പ്രവര്‍ത്തകരുടെ സജീവമായ വാര്‍ത്തകളിലൂടെയാണെന്ന് മാധ്യമ ശ്രീ പുരസ്‌കാരം ഏറ്റുവാങ്ങിയ 24 ന്യൂസ് ചീഫും മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനുമായ ആര്‍. ശ്രീകണ്ഠന്‍നായര്‍ പറഞ്ഞു. കേരളത്തിന്റെ പ്രതിസന്ധിഘട്ടങ്ങളില്‍ പ്രവാസികള്‍ സ്വീകരിക്കുന്ന താല്‍പര്യം നന്ദിയോടെ മാത്രമേ കാണാനാകു. ഏതെങ്കിലും വ്യക്തികളോട് അഭിപ്രായ വ്യത്യാസമുണ്ടെങ്കില്‍ ഇത്തരം വേദികള്‍ ബഹിഷ്‌ക്കരിക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. പുരസ്‌കാരതുക ഫ്‌ളവേഴ്‌സ് ഫാമിലി ചാരിറ്റിബള്‍ സൊസൈറ്റിക്ക് കൈമാറുമെന്നും ആര്‍. ശ്രീകണ്ഠന്‍ നായര്‍ പറഞ്ഞു.
കേരളത്തിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ സി. എല്‍. തോമസ്, പേഴ്‌സി ജോസഫ്, എന്‍. പി. ചന്ദ്രശേഖരന്‍, പി. ശ്രീകുമാര്‍, അനില്‍ നമ്പ്യാര്‍,കേരള മീഡിയ അക്കാദമി (ചെയര്‍മാന്‍ – ആര്‍. എസ്. ബാബു). അമേരിക്കയില്‍ നിന്നുള്ള ഡോ. ജോര്‍ജ് മരങ്ങോളി എന്നിവര്‍ പയനിയര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.
രഞ്ജിത് രാമചന്ദ്രന്‍ ( ന്യൂസ് 18, മികച്ച വാര്‍ത്താ അവതാരകന്‍ ), ടോം കുര്യാക്കോസ് ( ന്യൂസ് 18, മികച്ച അന്വേഷണാത്മക പത്രപ്രവര്‍ത്തകന്‍), സിന്ധുകുമാര്‍ ( മികച്ച ന്യൂസ് ക്യാമറമാന്‍, മനോരമ ന്യൂസ്), ലിബിന്‍ ബാഹുലേയന്‍ ( എഷ്യാനെറ്റ് ന്യൂസ്, മികച്ച ന്യൂസ് വിഡിയോ എഡിറ്റര്‍), സെര്‍ജോ വിജയരാജ്, സ്റ്റാര്‍ സിങ്ങര്‍ ( ഏഷ്യാനെറ്റ്, മികച്ച വിനോദ പരിപാടിയും പ്രൊഡ്യൂസറും), ഷില്ലര്‍ സ്റ്റീഫന്‍ (മികച്ച പത്ര റിപ്പോര്‍ട്ടര്‍, മലയാള മനോരമ), അജി പുഷ്‌കര്‍ (റിപ്പോര്‍ട്ടര്‍ ടിവി, മികച്ച ടെക്‌നിക്കല്‍ ക്രിയേറ്റിവ് പേഴ്‌സന്‍), എന്‍. ആര്‍. സുധര്‍മദാസ് ( കേരളകൌമുദി, മികച്ച പത്ര ഫൊട്ടോഗ്രഫര്‍ ), അമൃത എ.യു. ( സീനിയര്‍ കണ്ടന്റ് റൈറ്റര്‍, മാതൃഭൂമി ഓണ്‍ലൈന്‍), ഗോകുല്‍ വേണുഗോപാല്‍ (ബെസ്റ്റ് അപ് കമ്മിങ് ജേര്‍ണലിസ്റ്റ് , ജനം ടിവി),-ആര്‍ജെ ഫസ്‌ലു (എ.ആര്‍എന്‍ ന്യൂസ് / ഹിറ്റ് എഫ്എം ദുബായ്, മികച്ച റേഡിയോ ജേര്‍ണലിസ്റ്റ്/ ജോക്കി ) മികച്ച പ്രസ് ക്ലബ് – തിരുവനന്തപുരം, ബി. അഭിജിത് (എസിവി ഹെഡ്,സ്‌പെഷല്‍ ജൂറി അവാര്‍ഡ്), രാജേഷ് ആര്‍ നായര്‍ (പ്രൊഡ്യൂസര്‍ ഫ്‌ലവേഴ്‌സ് ടിവി, സ്‌പെഷല്‍ ജൂറി അവാര്‍ഡ്) എന്നിവര്‍ക്കാണ് മറ്റ് അവാര്‍ഡുകള്‍ സമ്മാനിച്ചത്.
നാഷണല്‍ പ്രസിഡന്റ് സുനില്‍ ട്രൈസ്റ്റാര്‍ അധ്യക്ഷത വഹിച്ചു. നാഷണല്‍ സെക്രട്ടറി ഷിജോ പൗലോസ് സ്വാഗതം ആശംസിച്ചു. മാതൃഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ ഡി. പ്രമേഷ്‌കുമാര്‍ സമീപകാലത്ത് അന്തരിച്ച പ്രമുഖര്‍ക്ക് അനുസ്മരണം അര്‍പ്പിച്ചു. അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ സുനില്‍ തൈമറ്റം, ചടങ്ങിൽ മുൻ മന്ത്രിയും കേരളത്തിന്റെ പ്രത്യേക പ്രതിനിധിയുമായ പ്രഫ. കെ.വി. തോമസ്, ഹൈബി ഈഡൻ എംപി, എം എൽ എ മാരായ മോൻസ് ജോസഫ്, മാണി സി കാപ്പൻ, റോജി എം ജോൺ, ടി ജെ വിനോദ്, , കെ എൻ ഉണ്ണികൃഷ്ണൻ, മുൻ എം പി സെബാസ്റ്റ്യൻ പോൾ, മാധ്യമപ്രവർത്തകരായ ആർ. എസ് . ബാബു, ജോണി ലൂക്കോസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു സംസാരിച്ചു.
ഇന്ത്യ പ്രസ് ക്ലബ് ഭാരവാഹികളായ വിശാഖ് ചെറിയാൻ, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നം , ഫൊക്കാന പ്രസിഡൻ്റ് സജിമോൻ ആൻ്റണി, ഫോമാ പ്രസിഡൻ്റ് ബേബി മണക്കാട്ട്, ഫൊക്കാന മുൻ പ്രസിഡൻ്റ് ഡോ. ബാബു സ്റ്റീഫൻ, എൻആർഐ ചീഫ് എഡിറ്റർ ബിജു കിഴക്കേക്കുറ്റ്, സ്റ്റീഫൻ കിഴക്കേക്കുറ്റ്, ജോസ് മണക്കുന്നേൽ , പോൾ കറുകപ്പള്ളി, അനിയൻ ജോർജ്, സൈമൺ വാളാച്ചേരി,ഷാജി രാമപുരം, ബിജു മുണ്ടക്കൽ, ഫിലിപ്പോസ് ഫിലിപ്, സിജിൽ പാലക്കലോടി,മധു കൊട്ടാരക്കര തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.