പത്തനംതിട്ട: പത്തനംതിട്ടയിൽ കായികതാരമായ പെൺകുട്ടിയെ 60 ലധികം പേർ ലൈംഗിക പീഡനത്തിനു ഇരയാക്കിയെന്ന കേസിൽ പത്തുപേർ കൂടി കസ്റ്റഡിയിൽ. ഇന്നലെ അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിറകെയാണ് കൂടുതൽ പേർ അറസ്റ്റിലായത്. 62 പേർ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നും13 വയസ്സ് മുതൽ ചൂഷണത്തിന് ഇരയായതായും പെൺകുട്ടി പൊലീസിന് മൊഴി നൽകിയിരുന്നു.
പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയ കേസിൽ ആണ് ഇലവുംതിട്ട പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്. പത്തനംതിട്ട, കോന്നി തുടങ്ങി ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും എഫ്ഐആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സിഡബ്ല്യുസിക്ക് ലഭിച്ച വിവരത്തെ തുടർന്നാണ് ജില്ലാ പൊലീസ് മേധാവി പ്രത്യേക സംഘം രൂപീകരിച്ച് കേസ് അന്വേഷിച്ചത്. ശാസ്ത്രീയമായ തെളിവുകൾ കിട്ടുന്ന മുറയ്ക്ക് മറ്റുള്ളവരുടെയും അറസ്റ്റ് രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു.
13ാം വയസ്സുമുതൽ ലൈംഗിക പീഡനത്തിനിരയായെന്ന വിദ്യാർഥിനിയുടെ പരാതിയിൽ അഞ്ചുപേരെ ഇലവുംതിട്ട പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തു. ഇലവുംതിട്ട സ്വദേശികളായ സന്ദീപ്, വിനീത്, സുബിൻ എന്നിവരുൾപ്പെടെ അഞ്ചുപേരാണ് അറസ്റ്റിലായത്.അച്ചു ആനന്ദിനായി തിരച്ചിൽ നടത്തുന്നതായി പൊലീസ് പറഞ്ഞു.
മറ്റുള്ളവരുടെ പേരുവിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ ശേഖരിച്ചിട്ടുണ്ട്. എല്ലാവർക്കുമെതിരെ പോക്സോ ചുമത്തിയാണ് കേസ്. പട്ടികജാതി പട്ടികവർഗ പീഡന നിരോധന വകുപ്പും ചുമത്തും.2019 മുതലാണ് പീഡനം തുടങ്ങിയത്. വിവാഹ വാഗ്ദാനം നൽകിയാണ് കാമുകൻ ആദ്യം പീഡിപ്പിച്ചത്. നിരവധി തവണ പീഡിപ്പിച്ചശേഷം സുഹൃത്തുക്കൾക്കും കൈമാറി. ഇക്കൂട്ടത്തിൽ പോക്സോ കേസിൽ പിടിയിലായി ജയിൽവാസം അനുഭവിക്കുന്നയാളുമുണ്ടെന്ന് അറിയുന്നു.
കുടുംബശ്രീ പ്രവർത്തകരോടാണ് പീഡനവിവരം കുട്ടി ആദ്യം പറഞ്ഞത്. അവർ ജില്ല ശിശുക്ഷേമ സമിതിയെ അറിയിച്ചു. സമിതി ഏർപ്പെടുത്തിയ സൈക്കോളജിസ്റ്റിന് മുന്നിലാണ് വിശദാംശങ്ങൾ വെളിപ്പെടുത്തിയത്.